കോഴിക്കോട്: വനിതാ സ്ഥാനാര്‍ത്ഥി ഇല്ലാതെ മുസ്ലിം ലീഗ്. ലീഗിലെ ഏക വനിതാ സ്ഥാനാര്‍ത്ഥിയായിരുന്ന നൂര്‍ബിന റഷീദ് തോല്‍വിയിലേക്ക്. കോഴിക്കോട് സൗത്തില്‍ നിന്നായിരുന്നു നൂര്‍ബിന റഷീദ് ജനവിധി തേടിയിരുന്നത്.
ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കോഴിക്കോട് സൗത്തില്‍ നിന്ന് എല്‍ഡിഎഫിലെ അഹമ്മദ് ദേവര്‍കോവില്‍ 9804 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. എല്‍ഡിഎഫിനായി ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയാണ് അഹമ്മദ് ദേവര്‍കോവില്‍.
ബിജെപിയുടെ നവ്യഹരിദാസാണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി. കാല്‍നൂറ്റാണ്ടിനു ശേഷം ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗിന് ഒരു വനിതാ സ്ഥാനാര്‍ഥി’ എന്ന നിലയില്‍ ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമായിരുന്നു നൂര്‍ബിന റഷീദ്.
മുസ്ലീംലിഗിന് അപ്രമാദിത്തമുള്ള മണ്ഡലത്തില്‍ മുന്‍മന്ത്രി എംകെ മുനീറാണ് 2011ലും 2016ലും കോഴിക്കോട് സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം മണ്ഡലം മാറി കൊടുവള്ളിയിലേക്ക് പോകുകയായിരുന്നു. 1995ല്‍ ഖമറുനീസ അന്‍വറായിരുന്നു ലീഗില്‍ നിന്നും വന്ന ആദ്യ വനിത സ്ഥാനാര്‍ഥി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിനോട് അന്ന് അവര്‍ പരാജയപ്പെട്ടു. പിന്നീടിങ്ങോട്ട് ഒരു വനിതാസ്ഥാനാര്‍ഥി പോലും ലീഗില്‍ നിന്നുണ്ടായില്ല. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഉച്ചയോട് അടുക്കുമ്പോള്‍ തകര്‍ക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്. അവസാനഘട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 100 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നേറുകയാണ്.
Discussion about this post