തിരുവനന്തപുരം: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റില്ലാതെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സ്ഥാനാര്‍ത്ഥികള്‍ പ്രവേശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. കൗണ്ടിങ് ഏജന്റുമാരും ആര്‍ടിപിസിആര്‍ പരിശോധന നടത്തി കൊവിഡില്ലെന്ന് ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു.
വോട്ടെണ്ണല്‍ കേന്ദ്രത്തിലോ, സമീപത്തോ ആള്‍ക്കൂട്ടം പാടില്ല. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കണം. മൂന്ന് ദിവസം മുന്‍പ് വോട്ടെണ്ണുന്ന ഏജന്റുമാരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു.
വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിരോധിച്ചിരുന്നു. മേയ് രണ്ടിന് വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തോ സമീപ പ്രദേശങ്ങളിലോ ഒരുതരത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളും പാടില്ലെന്ന് കമ്മീഷന് നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പ് നടന്ന കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വിലക്ക് ബാധകമാണ്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
വിജയിച്ച സ്ഥാനാര്‍ഥി റിട്ടേണിങ് ഓഫിസറില്‍ നിന്ന് സാക്ഷ്യപത്രം സ്വീകരിക്കാനെത്തുമ്പോള്‍ രണ്ടു പേര്‍ക്കു മാത്രമായിരിക്കും ഒപ്പം എത്താന്‍ അനുമതിയെന്ന് കമ്മിഷന് ഉത്തരവില്‍ അറിയിച്ചു.
Discussion about this post