കൊച്ചി: കോവിഡ് ബാധിച്ച് മരണപ്പെട്ട വയനാട് സുൽത്താൻ ബത്തേരിയിലെ ആരോഗ്യപ്രവർത്തകയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് നടി പാർവതി തിരുവോത്ത്. ാേവിഡിന് എതിരെയുള്ള പോരാട്ടത്തിൽ നമുക്ക് ഒരു സഹോദരിയെ നഷ്ടമായിരിക്കുന്നു എന്ന് പാർവതി സോഷ്യൽമീഡിയയിൽ കുറിച്ചു. സുൽത്താൻ ബത്തേരി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായിരുന്ന മേപ്പാടി സ്വദേശി യുകെ അശ്വതി(24)യുടെ വിയോഗത്തിലാണ് പാർവതിയുടെ പ്രതികരണം.
തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് പാർവ്വതി അശ്വതിയുടെ മരണത്തിൽ വിഷമം അറിയിച്ചത്. മാനന്തവാടിയിൽ ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായ മേപ്പാടി സ്വദേശി അശ്വതി(24) കൊവിഡ് മൂർച്ഛിച്ച് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും പാതിവഴിയിൽ അശ്വതിക്ക് മരണം സംഭവിച്ചു.
സുൽത്താൻ ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ ടെക്‌നീഷ്യനായി താൽക്കാലികമായി ജോലി ചെയ്തു വരികയായിരുന്നു അശ്വതി. കോവിഡിന്റെ രണ്ട് ഡോസ് വാക്‌സിൻ കുത്തിവെപ്പും അശ്വതി എടുത്തിരുന്നു. ഒന്നര മാസം മുമ്പാണ് അവർ വാക്‌സിനെടുത്തത്. അശ്വതിയുടെ വിയോഗത്തിൽ ആരോഗ്യമന്ത്രിയടക്കം നിരവധി പേർ ദുഃഖം പങ്കുവെച്ചിരുന്നു.