തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിക്കുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര തിരുപുറം മാവിള കടവ് സ്വദേശി ഷിബു(50)വിന്റെ മൃതദേഹമാണ് സ്വന്തം വീട്ടില്‍ കണ്ടെത്തിയത്. കാഞ്ഞിരംകുളം സ്റ്റേഷനിലെ പോലീസുകാരനാണ് ഷിബു.
ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ഷിബുവിനെ പിന്നീട് സമീപവാസികള്‍ ആരും കണ്ടിരുന്നില്ല. തുടര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞതോടെ ദുര്‍ഗന്ധം വമിക്കുകയായിരുന്നു. ഇതോടെ സംശയം നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശേഷം, പോലീസ് എത്തി വീട് തുറന്നപ്പോഴാണ് കട്ടിലില്‍ മരിച്ചനിലയില്‍ ഷിബുവിനെ കണ്ടത്.
കഴിഞ്ഞ പത്തുവര്‍ഷമായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു ഷിബു. പതിനഞ്ചുകാരിയായ മകള്‍ അമ്മയ്ക്കൊപ്പം പോയതോടെ ഷിബു വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ തിരുവനനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഇക്കാരണത്താല്‍ മരണകാരണം ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് കോവിഡ് പരിശോധന നടത്തിയശേഷം പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കും.
Discussion about this post