തിരുവനന്തപുരം: സംസ്ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം പല ജില്ലകളിലും സ്ഥിരീകരിച്ചെന്ന് ഐജിഐബി. രോഗവ്യാപനത്തിൽ ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. വിനോദ് സ്കറിയ പ്രതികരിച്ചു. വൈറസുകളിലെ ജനിതക വ്യതിയാനത്തെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സിഎസ്ഐആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആൻറ് ഇന്റ്ഗ്രേറ്റഡ് ബയോളജിയെന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ പഠനത്തിലാണ് സംസ്ഥാനത്തെ പല ജില്ലകളിലും എൻ440 കെ വകഭേദത്തിൽപ്പെട്ട വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
രണ്ടാംതരംഗത്തിൽ രോഗവ്യാപനമുണ്ടായ ഒഡീഷ, ഛത്തീസ്ഘട്ട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രതിരോധ മാർഗങ്ങളെ മറികടക്കാൻ ശേഷിയുള്ള വൈറസ് രോഗ വ്യാപനം തീവ്രമാക്കുമെന്നാണ് ഐജിഐബി ചൂണ്ടിക്കാട്ടുന്നത്.
രണ്ട് തവണ വാക്സിനെടുത്തവർക്ക് വീണ്ടും കൊവിഡ് വരാനുള്ള സാധ്യതയും ഐജിഐബി തള്ളിക്കളയുന്നില്ല. ഇതിനിടെ, ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഇന്നും ഒന്നരലക്ഷം കടന്നിട്ടുണ്ട്. ഇന്ത്യയിലെ രോഗവ്യാപനത്തിൽ ആശങ്കയറിയിച്ച ലോകാരോഗ്യസംഘടന രോഗം വ്യാപിക്കുന്ന രാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങൾ വലിയ വെല്ലുവിളി നേരിടുകയാണെന്നും വ്യക്തമാക്കി.
Discussion about this post