തിരുവനന്തപുരം: ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്. ചെന്നിത്തല പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് വോട്ടുള്ളത്.
ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ച രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്ക് രണ്ട് വോട്ട് ഉള്ളതായി പുറത്തുവന്നിരുന്നു. മറ്റ് കുടുംബാഗങ്ങള്‍ക്കും രണ്ട് മണ്ഡലങ്ങളില്‍ വോട്ടുണ്ടായിരുന്നെങ്കിലും ചെന്നിത്തല സ്വയം തുറന്നുവിട്ട വിവാദങ്ങള്‍ക്കിടയില്‍ അവയെല്ലാം ഒഴിവാക്കി.
ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറ യുപി സ്കൂളിലെ 1011–ാം നമ്പറായും ഹരിപ്പാട് മണ്ണാറശാല യുപി സ്കൂളിലെ 1362–ാം നമ്പറായും ദേവകിയമ്മയ്ക്ക് വോട്ടുണ്ട്.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസായ മണ്ണാറശാല ആനന്ദമന്ദിരത്തിന്റെ വിലാസത്തിലാണ് രമേശ് ചെന്നിത്തലയുടെയും മറ്റ് കുടുംബാഗങ്ങളുടെയും നിലവിലെ വോട്ട്. തൃപ്പെരുന്തുറയില്‍ കുടുംബവീടായ കോട്ടൂര്‍ കിഴക്കതിലിലെ വിലാസത്തിലായിരുന്നു ഇവര്‍ക്കെല്ലാം മുമ്പ് വോട്ടുണ്ടായിരുന്നത്.
ദേവകിയമ്മയുടെ ഇരട്ട വോട്ട് കള്ളവോട്ട് എന്ന് ചൂണ്ടി കാട്ടിയ ഡിവൈഎഫ് നഗരസഭ സെക്രട്ടറിയെ 3 മാസം മുന്‍പ് തടഞ്ഞു വെച്ചിരുന്നു. അതിന് ശേഷം പ്രതിപക്ഷ നേതാവിന് വേണ്ടി തെറ്റായ രേഖകള്‍ നല്‍കിയത് നഗരസഭയിലെ കോണ്‍ഗ്രസ്സ് സംഘടനാ നേതാവാണെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെന്നിത്തലയുടെ ഭാര്യ അനിതയ്ക്കും മക്കളായ രമിത്തിനും രോഹിത്തിനും കഴിഞ്ഞദിവസം വരെ ഇരട്ടവോട്ടുണ്ടായിരുന്നു. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറയിലെ കുടുംബവീട്ടിലും ഹരിപ്പാട് മണ്ഡലത്തിലെ ക്യാമ്പ് ഓഫീസിലുമായിരുന്നു ഇവരുടെ വോട്ടുകള്‍. ഇരട്ടവോട്ട് വിവാദം ഉയര്‍ത്തിയതിന് പിന്നാലെ തൃപ്പെരുന്തുറയിലെ പട്ടികയില്‍ അമ്മയൊഴികെയുള്ളവരെ ഒഴിവാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലും ഇവിടെയായിരുന്നു വോട്ട്.
രമേശും കുടുംബാംഗങ്ങളും ഹരിപ്പാട്ടേക്ക് വോട്ട് മാറ്റിയത് ക്രമവിരുദ്ധമാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നേടിയത് ചട്ടവിരുദ്ധമായാണെന്ന് വിവരാവകാശ രേഖയിലൂടെയാണ് വെളിപ്പെട്ടത്.
ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്ന 12/481 എന്ന നമ്പരിലെ വീട്ടിലെ സ്ഥിരതാമസക്കാരെന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ത്തത്. എന്നാല്‍ അപേക്ഷയില്‍ ചെന്നിത്തലയും കുടുംബവും ഇവിടെ എത്രനാളായി താസിക്കുന്നുവെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
അതേസമയം കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്എസ് ലാലിനും വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. വട്ടിയൂര്‍ക്കാവിലെ നൂറ്റിയെഴുപതാം നമ്പര്‍ ബൂത്തിലാണ് രണ്ട് വോട്ടുള്ളത്.
പെരുമ്പാവൂരിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെയും ഭാര്യയുടെയും ഇരട്ട വോട്ടുകളും പുറത്തുവന്നിരുന്നു.
Discussion about this post