ഹരിപ്പാട്: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായതില്‍ മനംനൊന്ത് യുവാവ് തീകൊളുത്തി മരിച്ചു. മാന്നാര്‍ മേപ്പാടം കൊട്ടാരത്തില്‍ കമലാദാസന്റെ മകന് കെ.അര്ജുന്(23) ആണ് മരിച്ചത്. ഞായറാഴ്ച പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുക ആയിരുന്നു.
പണം നഷ്ടപ്പെട്ടതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അര്ജുന് പോലീസിന് മൊഴി നല്കി. ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒരു ലക്ഷത്തോളം രൂപ അര്ജുന് നഷ്ടപ്പെടുത്തിയിരുന്നു.സുഹൃത്ത് ഏല്‍പ്പിച്ചിരുന്ന 60000 രൂപയും അച്ഛന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് എടുത്ത 25000 രൂപയും ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെട്ടിരുന്നു. കുറച്ചു ദിവസമായി അര്ജുന് അതിന്റെ മനോവിഷമത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഞായറാഴ്ച രാത്രി വീടിനു സമീപമുള്ള കട്ടക്കുഴി തേവേരി പാടത്തിന്റെ ബണ്ടില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഹെല്‍മറ്റ് തലയില്‍ വച്ച ശേഷമാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. അതിനാല്‍ മുഖത്ത് പൊള്ളലേറ്റിരുന്നില്ല. ശനിയാഴ്ച വീട്ടില്‍ നിന്നു ബൈക്കില്‍ തൃശൂരിലേക്കു പോയ അര്ജുന് മടങ്ങി വരും വഴി പെട്രോള്‍ വാങ്ങിയിരുന്നെന്നാണ് സൂചന.
പൊള്ളലേറ്റ അര്‍ജുനെ ഉടന്‍ തന്നെ നാട്ടുകാര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ അര്ജുന് ഇന്നലെ രാവിലെ മരിച്ചു. മാതാവ്: ശാലിനി ദേവി. സഹോദരന്: കെ. അരവിന്ദ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Discussion about this post