അടയ്ക്കയാണെന്ന് കരുതി പൊളിച്ചു; ശേഷം വന്‍ പൊട്ടിത്തെറി! നാല് മക്കളുടെ അമ്മയായ ആറ്റബീവിക്ക് നഷ്ടപ്പെട്ടത് കൈവിരലുകള്‍, കണ്ണിനും സാരമായ പരിക്ക്!

Woman injured | Bignewslive

വടക്കാഞ്ചേരി: അടയ്ക്ക് പൊളിക്കുന്നതിനിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 31കാരിക്ക് ഗുരുതര പരിക്ക്. തളി പിലക്കാട് മാളിയേക്കല്‍ ആറ്റബീവിക്കാണ് പരിക്കേറ്റത്. അടയ്ക്കയാണെന്ന് കരുതി പൊളിച്ച നിമിഷം വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ യുവതിയുടെ വിരലുകളറ്റു. കൂടാതെ കണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

പിലക്കാട്ടെ ഒരു വീട്ടുമുറ്റത്തിരുന്ന് അയല്‍വാസികളായ സ്ത്രീകള്‍ ശനിയാഴ്ച അടയ്ക്ക പൊളിക്കുകയായിരുന്നു. ഇതിനിടയിലാണ് അടയ്ക്കപോലുള്ള വസ്തു കൈയിലേയ്ക്ക് കിട്ടിയത്. പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. കൈയിന്റെ പെരുവിരലും നടുവിരലും ഭാഗികമായി നഷ്ടപ്പെട്ടു. നാല് മക്കളാണ് ആറ്റബീവിക്ക്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് രണ്ട് വിരലുകളില്‍ സ്റ്റീല്‍ കമ്പിയിട്ടു, രണ്ട് വിരലുകള്‍ ഭാഗികമായി മുറിച്ചുനീക്കി. സംഭവത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ ഭീതിയാണെന്ന് ആറ്റബീവി പറയുന്നു.

സംഭവത്തിന് ശേഷം, പോലീസിന്റെ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. തളി, പിലക്കാട് ഭാഗങ്ങളിലെ അടയ്ക്കക്കച്ചവടക്കാര്‍ വിവിധ ഭാഗങ്ങളില്‍നിന്ന് അടയ്ക്ക ശേഖരിച്ച് ഉണക്കി വില്പന നടത്തുന്നവരാണ്. പ്രാദേശികമായി സ്ത്രീകളാണ് തോട് കളയുന്നത്. ഇതിനിടയില്‍ അടയ്ക്കരൂപത്തിലുള്ള സ്‌ഫോടകവസ്തു കൈയില്‍പ്പെട്ടത് തിരിച്ചറിയാതെപ്പോയെന്ന് ആറ്റബീവി പറയുന്നു. മലയോരമേഖലകളില്‍ വന്യജീവികളെ തുരത്താന്‍ പറമ്പുകളില്‍ സ്ഫോടകവസ്തുക്കള്‍ വെയ്ക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ആക്ഷേപമുണ്ട്. അത്തരത്തില്‍ അടയ്ക്കയോടൊപ്പം ചാക്കില്‍ പെറുക്കിയെടുത്തതാവാം ഇതെന്നും സംശയിക്കപ്പെടുന്നുണ്ട്.

Exit mobile version