കൊല്ലം: പ്രതിരോധ വാക്സിന്റെ രണ്ടു ഡോസ് സ്വീകരിച്ചിട്ടും സ്വകാര്യ ആശുപത്രി ജീവനക്കാരിക്കു കോവിഡ് ബാധിച്ചെന്ന് റിപ്പോർട്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് വാക്സിന്റെ നിർദേശിക്കപ്പെട്ട രണ്ട് ഡോസും സ്വീകരിച്ചിട്ടും രോഗ ബാധിതയായത്.
കഴിഞ്ഞ മൂന്നിനാണ് ഇവർ രണ്ടാം ഡോസ് സ്വീകരിച്ചത്. 2 ദിവസം മുൻപ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പരിശോധന നടത്തിയപ്പോഴാണു കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, ആശുപത്രി ജീവനക്കാരിക്ക് കോവിഡ് ബാധിച്ചതിൽ അസ്വഭാവികതയില്ലെന്നു ജില്ലാ ഡപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ. ആർ സന്ധ്യ പ്രതികരിച്ചു. വാക്സിന്റെ 2 ഡോസ് സ്വീകരിച്ച ശേഷം രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാലേ കോവിഡിനെതിരായ ആന്റിബോഡി ശരീരത്തിൽ ഉൽപാദിപ്പിക്കുകയുള്ളൂവെന്നും അതിനാൽ ഇക്കാലയളവിൽ ജാഗ്രത തുടരണമെന്നും ജില്ലാ ഡപ്യൂട്ടി മെഡിക്കൽ ഓഫിസർ പറയുന്നു. മുൻകരുതലുകളിൽ വീഴ്ച സംഭവിച്ചാൽ കോവിഡ് പോസിറ്റീവാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവകുപ്പ്.
Discussion about this post