കൽപ്പറ്റ: ഇറക്കുമതി സ്ഥാനാർത്ഥിയെന്ന് ആക്ഷേപിച്ച് കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ ടി സിദ്ധിഖിന് എതിരെ വ്യാപക പോസ്റ്റർ പ്രചാരണം. വയനാട്ടിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ടി സിദ്ധിഖ് നാട്ടുകാരനല്ലെന്നാണ് പ്രധാന ആക്ഷേപം.
വയനാട് ജില്ലയിൽ ഇറക്കുമതി സ്ഥാനാർത്ഥിയെ വേണ്ട എന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകളാണ് മണ്ഡലത്തിൽ പതിച്ചിരിക്കുന്നത്. വയനാട് ഡിസിസിയെ അംഗീകരിക്കണമെന്നും ജില്ലയിൽ യോഗ്യരായ നിരവധി സ്ഥാനാർത്ഥികൾ ഉണ്ടെന്നും പോസ്റ്ററിൽ പറയുന്നു.
സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകൾ. കൽപ്പറ്റ നിയമസഭാ മണ്ഡലത്തിലെ വിവിധ ഇടങ്ങളിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. ഏറെ ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് കൽപ്പറ്റിയിലേക്ക് സിദ്ധിഖിനെ കോൺഗ്രസ് നേതൃത്വം നിയോഗിച്ചത്. നിലമ്പൂർ, കൽപ്പറ്റ മണ്ഡലങ്ങളിലാണ് സിദ്ധിഖിനെ പരിഗണിച്ചിരുന്നത്.
നിലമ്പൂരിൽ തർക്കം നിലനിൽക്കെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കായി വയനാട് മണ്ഡലം വിട്ടുകൊടുത്ത സിദ്ധിഖിനെ ഒടുവിൽ കൽപ്പറ്റയിലേക്ക് തന്നെ പരിഗണിക്കുകയായിരുന്നു.
Discussion about this post