കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നടന് വിനു മോഹന്‍ മത്സരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലാണ് താരത്തിന്റെ പേര് ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുള്ളത്.
അതേസമയം, തൃത്താലയില്‍ സന്ദീപ് വാര്യരുടെ പേര് ഉള്‍പ്പെടുത്തി. ഇരിങ്ങാലക്കുടയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് മത്സരിച്ചേക്കും. അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതും പരിഗണനയിലുണ്ട്.
കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലില്‍ കാര്യമായ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ വരുത്തിയത്. സുരേഷ്ഗോപിയും, ശോഭാ സുരേന്ദ്രനും മത്സരിക്കും. ചര്‍ച്ചയുടെ ഒരുഘട്ടത്തില്‍ നേമത്ത് സുരേഷ് ഗോപിയുടെ പേര് ഉയര്‍ന്നെങ്കിലും തൃശൂരിലോ വട്ടിയൂര്‍കാവിലോ മത്സരിക്കാനാണ് സാധ്യത.
നേമത്ത് കുമ്മനം രാജശേഖരന് തന്നെ മത്സര രംഗത്ത് ഉണ്ടാകും. ശോഭാ സുരേന്ദ്രന് കഴക്കൂട്ടത്തും മത്സരിച്ചേക്കും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കോന്നിക്ക് പുറമേ മഞ്ചേശ്വരത്തും മത്സരിക്കണമെന്ന കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. 2016 ല്‍ 89 വോട്ടുകള്‍ക്ക് കൈവിട്ട മഞ്ചേശ്വരം കേന്ദ്രനേതൃത്വത്തിന്റെ സര്‍വേയില്‍ വിജയസാധ്യതയുള്ള മണ്ഡലമാണ്.
എ പ്ലസ് മണ്ഡലങ്ങള്‍ക്ക് പുറമേ മറ്റു മണ്ഡലങ്ങളിലും കരുത്തനായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ബിജെപി ആസ്ഥാനത്തെ യോഗത്തിലാണ് സ്ഥാനാര്‍ത്ഥിപട്ടിക അംഗീകരിക്കുക. നാളെ മാത്രമേ പ്രഖ്യാപനമുണ്ടാകൂ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ ആദ്യഘട്ടത്തില്‍ എപ്ലസ് മണ്ഡലങ്ങളിലുള്ള സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കി പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത.
Discussion about this post