പത്തനംതിട്ട: 2008ലെ മുംബൈ ഭീകരാക്രമണത്തിലെ ഇരയായ എന്‍എസ്ജി കമാന്‍ഡോ പിവി മനീഷ് ഇത്തവണയും പതിവ് തെറ്റിക്കാതെ അയ്യനെ കാണാന്‍ മല കയറി. അന്ന് തീവ്രവാദികളുടെ വെടിയേറ്റ് ഗുരുതര പരിക്കേറ്റ സൈനിക ഉദ്യോഗസ്ഥനാണ് മനീഷ്. തുടര്‍ന്ന് പരിക്കുകള്‍ ഭേദപ്പെട്ടതുമുതല്‍ എല്ലാ മണ്ഡലകാലത്തും സന്നിധാനത്ത് അയ്യനെ കാണാന്‍ എത്തിയിരുന്നു. പമ്പയില്‍ നിന്ന് കാല്‍നടയായായി എത്തിയാണ് മനീഷ് സന്നിധാന ദര്‍ശനം കഴിഞ്ഞ് മടങ്ങിയത്.
ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്തിട്ടില്ല അദ്ദേഹം. ഇപ്പോഴും ചികിത്സ തുടരുകയാണ്. നേരത്തേ സഹപ്രവര്‍ത്തകരുടെ ചുമലില്‍ പിടിച്ചായിരുന്നു മനീഷ് മല കയറിയിരുന്നത്.അതേസമയം ആരോഗ്യം വീണ്ടെടുത്തശേഷം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും മനീഷ് പറഞ്ഞു. സന്നിധാനത്തെ നിയന്ത്രണങ്ങളൊന്നും ദര്‍ശനത്തെ ബാധിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ അഴീക്കോട് സ്വദേശിയാണ് മനീഷ്.