തൃശ്ശൂര്‍: ഏത് ജോലിയ്ക്കും അതിന്റേതായ മഹത്വമുണ്ട്. വിദ്യാഭ്യാസമുള്ളവനും ഇല്ലാത്തവനും ചെയ്യുന്ന ജോലികള്‍ അവരവരുടെ കുടുംബം പുലര്ത്താനുള്ളതാണ്. ഇന്ന ജോലിയേ ചെയ്യൂ എന്ന വാശി ഉപേക്ഷിക്കുന്നവര്‍ക്ക് ഏത് ജോലിയും ചെയ്യാനുള്ള മനസ്സും ഉണ്ടാകും. പക്ഷേ ചിലര്‍ ഉണ്ട് വിദ്യാഭ്യാസത്തിന് ഒപ്പം നില്ക്കുന്ന വൈറ്റ്കോളര്‍ ജോലിയേ ചെയ്യൂ എന്നും, മറ്റുള്ളവരെ പുച്ഛിക്കുന്നവരും കുറവല്ല.
അതേസമയം, ഏത് ജോലിയും മഹത്തമുള്ളതാണെന്ന് പറയുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംഭവം പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തിനിടെ അവര്‍ മീന്‍ വിറ്റ് പ്രതിഷേധം അറിയിച്ച സംഭവത്തെ അടിസ്ഥാനമാക്കിയാണ് കുറിപ്പ്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്കും മീന്‍ വില്‍ക്കാമെന്നും അതിനെ മോശം ജോലിയായി മുദ്ര കുത്തേണ്ട എന്നും എസ്പി കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ്:
””നല്ലോണം പഠിച്ചോ. അല്ലേൽ വല്ല മീനും വിറ്റ് ജീവിക്കേണ്ടി വരും ” ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ വകയിലൊരു അമ്മായി പറഞ്ഞതാണ്. കേട്ടതിൽ പിന്നെ മീൻ വില്പനയും മീനും എന്തോ മോശം സംഗതി ആണെന്ന് അവിടുന്ന് ഇങ്ങോട്ട് മനസ്സിൽ പതിഞ്ഞു…!!
പിന്നെയും കുറെ വർഷങ്ങൾ വേണ്ടിവന്നു ആ ധാരണ ഒന്ന് മാറിവരാൻ. അതിന് കാരണമായത് ഞങ്ങളെ കുടുംബത്തിൽ തന്നെയുള്ള മിഥുൻ ചേട്ടനാണ്. Midhunkumar Athady ചേട്ടന് സ്വന്തമായി ബോട്ട് ഒക്കെയുണ്ട്.
അങ്ങനെ വെറുതെ ചേട്ടന്റെ കൂടെ ഹാർബറിലൊക്കെ പോയാണ് മീനുകളോടും മീൻകാരോടും ഒക്കെ ഇഷ്ട്ടവും കൗതുകവുമൊക്കെ തോന്നിതുടങ്ങിയത്. പിന്നെ പിന്നെ ഹാർബറിൽ പോവുക,മീൻ കാണുക, ലേലം വിളി കാണുക, മീനിന് മതിപ്പുവില കണക്കാക്കുക തുടങ്ങി മീൻ തന്നെ ഒരു ഹരമായി മാറി…!! കാലങ്ങൾ കഴിഞ്ഞു.
ഞാൻ ഡിഗ്രി കഴിഞ്ഞ് MBA യ്ക്ക് ജോയിൻ ചെയ്യാൻ പ്ലാൻ ചെയ്തു നിൽക്കുമ്പോഴാണ്, മിഥുൻ ചേട്ടൻ കോഴിക്കോട് കേന്ദ്രീകരിച്ചുകൊണ്ട് Fish House എന്ന മത്സ്യസൂപ്പർ മാർക്കറ്റ് ശൃംഖല തുടങ്ങാൻ പ്ലാൻ ചെയ്തത്. ആ സമയം ഒന്നും നോക്കാതെ ഞാൻ ചേട്ടന്റെ ബിസിനസ്സിൽ അസിസ്റ്റന്റ് ആയി കൂടെക്കൂടി. വേറെ പണി കിട്ടാത്തത് കൊണ്ടോ പഠിക്കാൻ പറ്റാത്തത് കൊണ്ടോ ഒന്നുമല്ല അങ്ങനെയൊരു തീരുമാനം ഞാനെടുത്തത്.
ഇഷ്ടപ്പെട്ട ഒരു കാര്യം ജോലിയായി ചെയ്യാൻ പറ്റുന്നു എന്നതായിരുന്നു ഞാൻ അതിൽ കണ്ട മെച്ചം.
അങ്ങനെ പതിയെ #FISH_HOUSE കോഴിക്കോടിൽ തന്നെ അറിയപ്പെടുന്ന ഒരു നിലയിലായി…
ഈയിടക്ക് എന്റെ കല്യാണവുമായി ബന്ധപ്പെട്ട് ഒരു പെൺവീട്ടുകാരുമായി സംസാരിച്ചപ്പോഴാണ് മീൻ വില്പന മോശമാണെന്നുള്ള രീതിയ്ക്ക് ഞാൻ വീണ്ടും കേൾക്കുന്നത്,
-“ഓനിക്ക് മീൻ പണിയല്ലേ മീൻകാരനൊക്കെ എങ്ങനാ മോളെ കല്യാണം കഴിപ്പിച്ചു കൊടുക്കുക ” എന്ന്.
പഴയ തലമുറയിലെ ആൾക്കാരല്ലേ, അവരുടെ ചിന്താഗതി ഒന്നും മാറാൻ പോണില്ല എന്ന് തിരിച്ചറിഞ്ഞ് അവിടുന്ന് ഇറങ്ങുമ്പോ എനിക്ക് പ്രത്യേകിച്ച് വിഷമമൊന്നും തോന്നിയില്ല.
ചെയ്യുന്ന ജോലിയുടെ മഹത്വം മനസ്സിലാക്കുന്നവർ മതിയെന്നെ നമുക്ക് കൂട്ടിന്. പക്ഷേ കഴിഞ്ഞ ദിവസം PSC പിൻവാതിൽ നിയമനവിവാദവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ചില ഉദ്യോഗർഥികൾ സെക്രട്ടറിയേറ്റിനു മുൻപിൽ മീൻ വില്പന നടത്തി പ്രതിഷേധിക്കുന്ന വാർത്ത ശ്രദ്ധയിൽ പെട്ടു.
ഇനി പറയാനുള്ളത് അവരോടാണ്.
ഹേ, അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരേ.. “മീൻ വില്പന” എന്നത് ഒരു ജോലിയും കിട്ടാത്ത ആൾക്കാർ ചെയ്യുന്ന മോശം ജോലികളിൽ ഒന്നാണ് എന്ന് നിങ്ങൾ കരുതിയിരിക്കുന്നു എന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.
എന്തുതന്നെ ആയാലും നിങ്ങൾ ആഗ്രഹിക്കുന്ന ജോലി വലുതാണ് വലിയ സംഭവമാണ് എന്ന് കാണിക്കാൻ മറ്റു ജോലികളെ ഇങ്ങനെ തരം താഴ്ത്തി കാണിക്കരുത്…!!
“എല്ലാ ജോലിക്കും അതിന്റേതായ ഒരു മാന്യതയുണ്ട്” എന്നത് പറച്ചിലിൽ മാത്രമാകുമ്പോളാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.
മറ്റു ജോലി ചെയ്തു ജീവിക്കുന്നവരെ നിങ്ങൾ ബഹുമാനിക്കണം, സല്യൂട്ട് അടിക്കണം എന്നൊന്നും പറയുന്നില്ല.
പക്ഷെ, സാധാരണ ജോലികൾ മോശമാണെന്നും പഠിപ്പുള്ളവർ ചെയ്യാൻ പാടില്ലാത്ത ജോലിയാണെന്നും സമൂഹത്തിൽ പ്രചരിപ്പിക്കാതെ ഇരിക്കുകയെങ്കിലും ചെയ്യുക.
–
എസ്പീ…!!”
Discussion about this post