തൃശ്ശൂര്‍: പൂര പ്രേമികളും ആനപ്രേമികളും നിറകണ്ണുകളോടെയാണ് മംഗലാംകുന്ന് കര്ണന് വിട നല്‍കിയത്. അതേസമയം, നടന് ജയറാമിന്റെ ആനക്കമ്പം അത്രമേല്‍ പ്രശസ്തമാണ്. ജയറാം കര്‍ണനെ കുറിച്ച് പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു ഓരോരുത്തരും. താരം കര്ണനെകുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ്.
കര്ണന് വിടപറയുന്നതില്‍, ഹൃദയത്തിലേറെ വേദനയുണ്ടെന്നാണ് ഹൈദരാബാദിലെ ഷൂട്ടിങ് സ്ഥലത്തുനിന്നും ജയറാം പങ്കുവയ്ക്കുന്നത്. മനിശ്ശേരി ഹരിയുടെ കൈവശം മനിശ്ശേരി കര്‍ണനായി അവന് വിലസുമ്പോഴായിരുന്നു വാങ്ങാനൊരുങ്ങിയത്. അതിയായ മോഹത്തോടെ ഹരിയേട്ടനോട് ഒരു ആനയെ തരുമോയെന്നു ചോദിച്ചു.
സിനിമാത്തിരക്കുണ്ടെങ്കിലും നോക്കാമെന്നും മറുപടി പറഞ്ഞു. ഹരിയേട്ടന്റെ കയ്യിലെ പത്തുപതിനഞ്ച് ആനകളില്‍ ഏതിനെ വേണമെങ്കിലും എടുത്തോളാന്‍ പറഞ്ഞു. എങ്കില്‍, കര്‍ണനെ തരുമോയെന്നു ചോദിച്ചു. അവന്റെ മനസ്സറിയാവുന്ന പാറശ്ശേരി ചാമിയെന്ന പാപ്പാനെയും കൂടെ വേണമെന്നായി. അതും സമ്മതിച്ചു.
അതിനു ശേഷമാണു ഷൂട്ടിങ് കഴിഞ്ഞുവരുന്ന വഴി സുന്ദരനായ മറ്റൊരു ആനയെ കാണുന്നത്. മനിശ്ശേരി മോഹനനായിരുന്നു അത്. അങ്ങനെയാണു കര്‍ണനെ വിട്ട് മോഹനനെ എടുത്തോളാന്‍ തീരുമാനിച്ചത്. മോഹനനാകുമ്പോള് പാപ്പാനില്ലെങ്കിലും ജയറാമിനു തന്നെ കൊണ്ടുനടക്കാമെന്നും ഹരിയേട്ടന് തമാശ പറഞ്ഞു.
വീണ്ടും ഒരു സാഹചര്യം കര്‍ണനെ വാങ്ങാന്‍ ഒത്തുവന്നെങ്കിലും വേണ്ടെന്നു വച്ചെന്നും ജയറാം പറഞ്ഞു (മനിശ്ശേരി മോഹനനാണു ജയറാമിന്റെ കൈവശമെത്തി ‘ജയറാം കണ്ണന്’ എന്ന പേരില്‍ പ്രശസ്തനായത്). സൗന്ദര്യത്തിലല്ല, തലപ്പൊക്കത്തിന്റെ കാര്യത്തിലായിരുന്നു കര്‍ണനോട് ആരാധനയെന്നു ജയറാം പറഞ്ഞു. നെറ്റിപ്പട്ടത്തില്‍ ആനക്കൂട്ടത്തില്‍ നിന്നാല്‍ കര്ണന് വേറെ ലെവലാണെന്നും അദ്ദേഹം അനുസ്മരിച്ചു.
Discussion about this post