യുവതിയെ അപമാനിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം മർദ്ദിച്ച വ്യാപാരിയുടെ മരണകാരണം ഹൃദയാഘാതം; ശരീരത്തിൽ പരിക്കുകളില്ലെന്ന് ഡോക്ടർമാർ

കാസർകോട്: ആൾക്കൂട്ടം മർദ്ദിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണ വ്യാപാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കാസർകോട്ടെ ആശുപത്രിയിൽ വെച്ച് ആൾക്കൂട്ട മർദനത്തിനിരയായ വ്യാപാരി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ചെമ്മനാട് സ്വദേശിയും ദേളിയിലെ താമസക്കാരനുമായ സിഎച്ച് മുഹമ്മദ് റഫീഖ് (48) കഴിഞ്ഞ ദിവസം കാസർകോട് അശ്വനി നഗറിലെ സ്വകാര്യ ആശുപത്രിക്കടുത്ത് വച്ചാണ് മരിച്ചത്.

മകന്റെ ചികിത്സയ്‌ക്കെത്തിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന പരാതി ഉയരുകയും യുവതി പ്രതികരിച്ചതോടെ റഫീഖ് ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓടുകയുമായിരുന്നു. ഇയാളെ പരിസരത്തുണ്ടായിരുന്നവർ ഓടിച്ചിട്ട് പിടികൂടികയും മർദ്ദിക്കുകയുമായിരുന്നു എന്ന് ആരോപണമുണ്ട്.

ഓടിപ്പോയ റഫീഖിനെ നാട്ടുകാർ പിടികൂടി സംഭവസ്ഥലത്തേക്ക് എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ഇയാൾ വഴിയിൽ തളർന്നു വീഴുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നുരയും പതയും വന്ന നിലയിലാണ് റഫീഖിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ റഫീഖിനെ ഒരു സംഘം ആളുകൾ പിടിച്ചു തള്ളിക്കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.

മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണം ഹൃദയാഘാതം മൂലമാണെന്നു സ്ഥിരീകരിച്ചത്. മുഹമ്മദ് റഫീഖിന്റെ ഹൃദയധമനിയിൽ 3 ബ്ലോക്കുകൾ ഉണ്ടായിരുന്നതായും പരിക്കുകളൊന്നും ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞതായി ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ അറിയിച്ചു.

യുവതിയുടെ പരാതിയിൽ കാസർകോട് വനിത പോലീസ് സ്റ്റേഷനിലും അസ്വാഭാവിക മരണത്തിനും ടൗൺ പോലീസും കേസെടുത്തിരുന്നു.

Exit mobile version