കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ പട്ടാപ്പകല്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ മധ്യവയസ്കന് കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശി റഫീഖ് (49) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് റഫീഖിന് മര്‍ദ്ദനമേറ്റതെന്ന് പറയപ്പെടുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ആയിരുന്നു സംഭവം.
കാസര്‍കോട് നഗരത്തിലുള്ള കിംസ് അരമന ആശുപത്രിക്ക് സമീപമാണ് സംഭവം ഉണ്ടായത്. ആശുപത്രിയിലെത്തിയ കുമ്പള സ്വദേശിനിയായ യുവതിയോട് റഫീഖ് അപമര്യാദയായി പെരുമാറിയെന്നും നഗ്നതാപ്രദര്‍ശനം നടത്തിയെന്നുമാണ് ആരോപണം. ഈ യുവതി റഫീഖിനെ അടിച്ചു. അതിന് ശേഷം റഫീഖ് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. റഫീഖിന് പിന്നാലെ യുവതിയും എത്തി.
തുടര്‍ന്ന് വിഷയത്തിലിടപെട്ട സമീപത്തെ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് റഫീഖിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ റഫീഖ് അതേ ആശുപത്രിക്ക് മുന്നില്‍ തന്നെ വീണു. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാസര്‍കോട് ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം ഉടന്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.
Discussion about this post