തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് ഒന്നരമാസം മാത്രം പിന്നിടുന്നതിനിടെ നവവധു ഭർതൃഗൃഹത്തിൽ കഴുത്തും കൈഞരമ്പും മുറിച്ച നിലയിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. മരിച്ച ആതിരയുടെ വീട്ടുകാരും ഭർതൃവീട്ടുകാരും ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആതിര ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാവാനാണ് സാധ്യതയെന്നും ഭർത്താവ് ശരത്തിന്റെ വീട്ടുകാർ പറയുന്നു.
എന്നാൽ പ്രാഥമിക പോസ്റ്റുമോർട്ടത്തിന്റെ അടിസ്ഥാനത്തിൽ സംഭവം ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം. വർക്കല വെന്നിക്കോട് ശാന്താമന്ദിരത്തിൽ ഷാജി-ശ്രീന ദമ്പതികളുടെ മകളും മുത്താന സ്വദേശി ശരത്തിന്റെ ഭാര്യയുമായ ആതിരയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് വീടിനകത്തെ ശുചിമുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഒന്നര മാസം മുൻപ് വിവാഹിതയായ ആതിര ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിലാണ് മരിച്ച് കിടന്നത്. കഴുത്തിലും കൈഞരമ്പിലും മുറിവുണ്ടായിരുന്നു. ആത്മഹത്യയെന്ന പോലീസിന്റെ പ്രാഥമിക നിഗമനത്തിന് കാരണം മൃതശരീരത്തിൽ പിടിവലി നടന്നതിന്റെയോ ആക്രമണം നടന്നതിന്റെയോ ലക്ഷണങ്ങളില്ലെന്നതായിരുന്നു.
ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നും ശരീരത്തിലില്ലെന്ന് മാത്രമല്ല, കത്തികൊണ്ടുണ്ടായ മുറിവാണ് കഴുത്തിലും കൈത്തണ്ടകളിലുമെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്ന കുളിമുറിയിൽനിന്ന് തന്നെയാണ് കത്തിയും കണ്ടെടുത്തത്. മരണം നടന്നതായി കരുതുന്ന സമയം ബന്ധുക്കളോ അല്ലാത്തവരോ ആയി ആരും തന്നെ വീട്ടിലില്ലായിരുന്നുവെന്നും മൊഴികളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
എന്നാൽ മകൾ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ആതിരയുടെ അമ്മ. അവൾക്ക് രക്തം പേടിയാണ്. ഒരു മുള്ളു കൊണ്ടാൽ പോലും അവൾക്കു എടുക്കാൻ സാധിക്കില്ലെന്നും അമ്മ പറയുന്നു.
സംഭവദിവസം രാവിലെ ശരത്തും ഭർതൃപിതാവും കൂടി ആശുപത്രിയിൽ പോയിരുന്നു. ഭർതൃമാതാവും ജോലിക്കായി പുറത്തേക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടെ ആതിരയുടെ വിശേഷങ്ങൾ അറിയാനായി അമ്മ വീട്ടിലെത്തി. വീട്ടിൽ ആരെയും കാണാതെ സമീപത്തുള്ളവരോട് അന്വേഷിക്കുന്നതിനിടെ ശരത്തും ഭർതൃപിതാവും തിരികെയെത്തുകയായിരുന്നു.
തുടർന്ന് എല്ലാവരും കൂടി അന്വേഷിക്കുന്നതിനിടെയാണ് കുളിമുറി അടച്ചിട്ടതായി കാണുന്നതും വാതിൽ തകർത്ത് അകത്ത് കടന്നതും. മരണമുണ്ടായ സാഹചര്യങ്ങളിൽ സംശയം ഉന്നയിക്കുകയാണ് ഭർതൃപിതാവും. സംഭവം ആത്മഹത്യയെന്ന് പറയുമ്പോഴും കാരണം എന്താണെന്ന് പോലീസിനും കണ്ടെത്താനായിട്ടില്ല. ഭർത്താവിന്റെയും ബന്ധുക്കളുടെയും മൊഴിയെടുത്തിട്ടും സൂചനകളൊന്നും ലഭിച്ചിട്ടില്ല.
Discussion about this post