കുറുകെ ചാടിയ നായയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ച് അപകടം; വനിതാ ഡ്രൈവർക്ക് ദാരുണമരണം; നഷ്ടമായത് ഉഴവൂരുകാരുടെ സ്വന്തം ഓട്ടോ സോദരി

വെളിയന്നൂർ: റോഡിന് കുറകെ ചാടിയ നായയെ രക്ഷിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണ മരണം. ഉഴവൂർ കരുനെച്ചി ക്ഷേത്രത്തിന് സമീപം ശങ്കരാശേരിയിൽ വീട്ടിൽ വിജയമ്മ സോമൻ (54) ആണ് മരിച്ചത്. ഉഴവൂർ പഞ്ചായത്ത് കവലയിലെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറായിരുന്നു വിജയമ്മ. ഉഴവൂർ ഓട്ടോറിക്ഷ സ്റ്റാൻഡിലെ തൊഴിലാളികൾക്ക് മാത്രമല്ല പരിചയമുള്ള എല്ലാവർക്കും സഹോദരിയായിരുന്ന വിജയമ്മയുടെ മരണം നാടിനാകെ നൊമ്പരമായി.

അതിഥി തൊഴിലാളികളുമായി കൂത്താട്ടുകുളത്തിന് പോകുംവഴിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ഓട്ടോ വിജയമ്മയുടെ ശരീരത്തേക്കാണ് പതിച്ചത്. തലയുടെ പിൻഭാഗം റോഡിലിടിച്ച് തകർന്നായിരുന്നു അവരുടെ മരണം. അപകടത്തിൽ യാത്രക്കാർ ചാടി രക്ഷപ്പെട്ടു. അപകടം നടന്നയുടനെ നാട്ടുകാർ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ നിന്നും ആറുമണിക്ക് വീട്ടിൽ നിന്നും ഓട്ടോയുമായി ഇറങ്ങിയ വിജയമ്മ വെളിയന്നൂർ കുളങ്ങരമറ്റം കവലയിൽവച്ച് 6.50ഓടെയാണ് ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽപ്പെട്ടത്.

മുമ്പ് ബംഗളൂരുവിലടക്കം തൊഴിലെടുത്തിരുന്ന വിജയമ്മ തയ്യൽ ജോലി ചെയ്തായിരുന്നു കുടുംബം പുലർത്തിയിരുന്നു. മൂത്തമമകൾക്ക് വയ്യാതായതോടെ നാട്ടിൽ തന്നെ താമസമാക്കി. പെയിന്റിങ് തൊഴിലാളിയായ ഭർത്താവിന്റെ വരുമാനത്തിന് ഒരു സഹായമാകാൻ വേണ്ടിയാണ് ഏഴ് വർഷം മുമ്പ് വിജയമ്മ ഓട്ടോഓടിക്കാൻ ഇറങ്ങിയത്.

2014ൽ ഉഴവൂർ ഗ്രാമപ്പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഓട്ടോറിക്ഷ ഡ്രൈവിങ് പരിശീലനം നടത്തുകയും ചെയ്തു. വായ്പയിലൂടെ ഓട്ടോ വാങ്ങിയാണ് ഉഴവൂർ ടൗണിലെ ആദ്യത്തെ ഓട്ടോറിക്ഷ വനിതാ ഡ്രൈവറായത്. ഭർത്താവ് സോമന് പണികൾ കുറവായതോടെ വിജയമ്മയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഓട്ടോറിക്ഷ ഡ്രൈവറായ ശേഷം കൊച്ചുവീടിന്റെ അറ്റകുറ്റപ്പണികൾ കുറച്ചൊക്കെ തീർത്തു. മക്കളെ രണ്ട് പേരെയും വിവാഹം കഴിപ്പിച്ചയച്ചു. ഉഴവൂരിലെ ഓട്ടോ സർവീസ് സൊസൈറ്റിയിലും സജീവ അംഗമായിരുന്നു. വിജയമ്മയെ ചേച്ചി എന്നാണ് സഹപ്രവർത്തകരും വിളിച്ചിരുന്നത്.

സോമനാണ് ഭർത്താവ്. മക്കൾ: ശ്രീജ, ശ്രുതി. മരുമക്കൾ: സന്ദനു ഇലഞ്ഞി, ഷാൽ ശശി കരുമത്തണ്ടേൽ മൂവാറ്റുപുഴ. ശവസംസ്‌കാരം ബുധനാഴ്ച വീട്ടുവളപ്പിൽ നടക്കും.

Exit mobile version