കല്‍പ്പറ്റ: കടുവയില്‍ ആക്രമണത്തില്‍ നിന്നും റേയ്ഞ്ച് ഓഫീസില്‍ ടി ശശികുമാറിന് അത്ഭുത രക്ഷ. തലനാരിഴയ്ക്ക് ഇത് രണ്ടാം തവണയാണ് ശശികുമാര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നത്. നാട്ടില്‍ കടുവയിറങ്ങിയാല്‍ ജീവഭയത്താല്‍ മറ്റ് ഉദ്യോഗസ്ഥര്‍ മാറി നില്ക്കുമ്പോള് ജനത്തിന്റെ ഭീതിയകറ്റി കടുവയെ തുരത്തുന്നതിനായി മുന്നിട്ടിറങ്ങുന്നതാണ് ശശികുമാറിന്റെ രീതി. ഇത് തന്നെയാണ് അദ്ദേഹം പലപ്പോഴും കടുവയുടെ ഇരയായി മാറുന്നതും.
ഞായറാഴ്ചയായിരുന്നു സംഭവം. ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്തുന്നതിനായി ശശികുമാര്‍ ആണ് എത്തിയത്. അദ്ദേഹം അടക്കം മൂന്നു പേരാണ് മഠത്തിവിളയില്‍ മധുവിന്റെ തോട്ടത്തില്‍ പ്രവേശിച്ച് തെരച്ചില്‍ നടത്തിയത്. ഡ്രൈവര്‍ മാനുവലും അല്പം അകലെയായി ശശികുമാറിനെ പിന്തുടരുന്നുണ്ടായിരുന്നു. ഈ സമയം അമ്പതു മീറ്ററകലെ ചെമ്പരത്തിച്ചെടിയുടെ മറവില്‍ പതുങ്ങിയിരിക്കുകയായിരുന്ന കടുവ വനപാലകരെ കണ്ടതോടെ അക്രമാസക്തനായി പാഞ്ഞടുത്തു.
കടുവ തന്റെ നേരേ ചാടിയടുക്കുന്നത് കണ്ട് ശശികുമാര്‍ തിരിഞ്ഞെങ്കിലും സമീപത്തെ കൈയ്യാലയില്‍ വീണുപോയി. ഉടനെ തന്നെ ശശികുമാറിന്റെ കഴുത്തില്‍ കടിക്കാന്‍ കടുവ ശ്രമം നടത്തി. എന്നാല്‍ തോളിലാണ് പിടുത്തം കിട്ടിയത്. ശേഷം കടുവ, തോളില്‍ കടിച്ച് ഉയര്‍ത്തിയെടുക്കുകയായിരുന്നു. ഇതുകണ്ട് ഭയന്ന വനപാലകരും നാട്ടുകാരും ബഹളംവെച്ച് ഓടിയെത്തി കടുവയെ കല്ലും വടിയും എറിഞ്ഞ് ഓടിക്കുകയായിരുന്നു. പിന്നാലെ ഓടിയെത്തി ശശികുമാറിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശശികുമാറിന്റെ തോളെല്ലിന് പൊട്ടലുണ്ട്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശശികുമാറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
മാസങ്ങള്‍ക്ക് മുമ്പ് പള്ളിച്ചിറ ചാത്തമംഗലത്ത് ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെ കടുവ ശശികുമാറിനെയും ഡ്രൈവര്‍ മാനുവലിനെയും ആക്രമിച്ചിരുന്നു. അന്ന് ഹെല്‍മെറ്റ് ധരിച്ചത് കൊണ്ടുമാത്രമാണ് ശശികുമാര്‍ ജീവിതത്തിലേയ്ക്ക് കരകയറിയത്. വനത്തില്‍നിന്ന് ചാടിയെത്തിയ കടുവ ശശികുമാറിന്റെ ഹെല്‍മെറ്റിലാണ് കടിച്ചത്. കടുവയുടെ പല്ലുകള്‍ ഹെല്‍മെറ്റില്‍ ആഴ്ന്നിറങ്ങിയിരുന്നു. ഒപ്പമുണ്ടായിരുന്ന മാനുവലിന്റെ കാലിലാണ് കടുവ കടിച്ച് പരിക്കേല്‍പ്പിച്ചത്. മാനുവല്‍ നിലത്തുവീണു കിടന്നപ്പോള്‍ ശശികുമാറിനെ കടുവ വനത്തിലേക്ക് വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. പെട്ടെന്ന് മറ്റു വനപാലകരെത്തി വടിയെറിഞ്ഞും മറ്റും കടുവയെ ഓടിക്കുകയായിരുന്നു.
Discussion about this post