ബദിയടുക്ക: കാസര്‍കോട് കാട്ടുകുക്കെയില്‍ ഒന്നര വയസുകാരന് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഒന്നര മാസത്തിന് ശേഷം കുഞ്ഞിന്റെ അമ്മ അറസ്റ്റിലായിരിക്കുകയാണ്. സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് 25കാരിയായ കുഞ്ഞിന്റെ അമ്മ ശാരദയുടെ അറസ്റ്റിലേയ്ക്ക് നീങ്ങിയത്.
പെര്‍ളത്തടുക്ക സ്വദേശിയാണ് ശാരദ. ഒരു മാസം മുമ്പാണ് ഒന്നര വയസുകാരന് സ്വസ്ഥിക്കിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബദിയടുക്ക പോലീസ് സ്റ്റേഷന് പരിധിയിലുള്ള കാട്ടുകുക്കെ പെരളത്തടുക്കയില് ഡിസംബര്‍ നാലാം തീയതിയാണ് സംഭവം നടന്നത്. പെരളത്തടുക്കയിലെ ബാബുവിന്റെയും ശാരദയുടെയും മകനാണ് സ്വസ്ഥിക്ക്.
വീടിനടുത്തുള്ള പൊതു കിണറ്റില്‍ ആണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടുകാരും സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റമോര്ട്ടെ ചെയ്തത്. മരണത്തില്‍ അസ്വഭാവികത ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശാരദ അറസ്റ്റിലായത്.
സംഭവ ദിവസം ശാരദ കുട്ടിയെയും എടുത്ത് കിണറ്റിനടുത്തേക്ക് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. തിരിച്ചുവരുമ്പോള്‍ കുട്ടി കൈയ്യിലുണ്ടായിരുന്നില്ല. ഇതിനുശേഷം നടത്തിയ തെരച്ചിലില്‍ ആണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശാരദയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം, ഇവര്‍ക്ക് മാനസികാസ്ഥ്യമുള്ളതായും റിപ്പോര്‍ട്ടുണ്ട്. ഭര്‍ത്താവുമായി വഴക്കിടുന്നതും പതിവായിരുന്നുവെന്ന് പ്രദേശവാസികളും കൂട്ടിച്ചേര്‍ത്തു.
Discussion about this post