കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയമായിരുന്നു ജനവിധിയെങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്ന തിരക്കിലാണ് കോഴിക്കോട്ടെ ഈ സ്ഥാനാർത്ഥി. ഓരോരോ വാഗ്ദാനങ്ങളായി നടപ്പാക്കി ജനകീയനാകുന്നത് കുന്ദമംഗലം ചാത്തൻകാവ് സൗത്തിലെ സ്ഥാനാർത്ഥിയായിരുന്ന ജിജിത് കുമാറാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വാർഡിലെ നിർധനരായ മൂന്ന് കുടുംബങ്ങൾക്ക് വീട് ഒരുങ്ങുകയാണ്.
കൂലിപ്പണിക്കാരനായ സിപി വിനുവിന്റെ വീടാണ് ആദ്യഘട്ടത്തിൽ ജിജിത് കുമാറിന്റെ നേതൃത്വത്തിൽ നവീകരിക്കുന്നത്. മൺകട്ട കൊണ്ട് നിർമ്മിച്ച വീട് ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ അവസ്ഥയിലാണ്. പലയിടത്തും പൊളിഞ്ഞുതുടങ്ങിയതോടെ ഷീറ്റുകൾ വിരിച്ചാണ് താൽക്കാലികമായി സംരക്ഷിച്ചിരിക്കുന്നത്. ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കാൻ അപേക്ഷ നൽകി കാത്തിരുപ്പിലായിരുന്നു. പക്ഷെ ഇതുവരെ തീരുമാനമുണ്ടായില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതിനിടയിലാണ് ജിജിതും കൂട്ടരും വിനുവിന്റെ വീട്ടിലെ അവസ്ഥ നേരിട്ട് കണ്ടറിഞ്ഞത്.
ജിജിതിന്റെ നേതൃത്വത്തിൽ വിനുവിന്റെ വീട് മാത്രമല്ല വാർഡിലെ നിർധനനരായ രണ്ട് കുടുംബങ്ങൾക്ക് കൂടി വീടൊരുക്കുന്നുണ്ട് ഇവർ. ഇതിനായി പല സന്നദ്ധ സംഘടനകളും സഹായ ഹസ്തം നീട്ടിയിട്ടുണ്ട്. ബാക്കിയുള്ള തുക പ്രവർത്തകർ തന്നെ കണ്ടെത്തും. തീർത്തും അപ്രതീക്ഷിതമായാണ് അധ്യാപകനായ ജിജിത്ത് കുമാർ ചാത്തൻകാവ് സൗത്തിൽ സ്ഥാനാർത്ഥിയായത്. വാർഡിന് പുറത്തുള്ള ജിജിത്ത് ഇവിടെ വാടക വീടെടുത്ത് താമസിക്കുകയാണ്. വാഗ്ദാനങ്ങൾ പാലിട്‌ചേ മടക്കമുള്ളൂവെന്ന് ജിജിത് പറയുന്നു.