പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം പാലക്കാട് നഗരസഭാ ആസ്ഥാനത്ത് ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ ജാമ്യത്തില്‍ വിടുകയും ചെയ്തു.
വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസന്, കൊപ്പം സ്വദേശികളായ ബിനു, ഉണ്ണികൃഷ്ണന് എന്നിവരെയാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെയാണ് അറസ്റ്റ് ചെയ്ത ഉടനെ, സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത്. കേസില്‍ എട്ടുപേര്‍ കൂടി അറസ്റ്റിലാകുമെന്നാണ് ലഭിക്കുന്ന വിവരം. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഉദ്യോഗസ്ഥരുടെ അനുമതിയോടെ എത്തിയവര്‍ ലഹളയ്ക്ക് കാരണമാകും വിധം തെറ്റായി പ്രവര്‍ത്തിച്ചെന്നാണ് ചുമത്തിയിരിക്കുന്ന കേസ്.
ജയ് ശ്രീറാം ബാനര്‍ വിവാദമുണ്ടായ പാലക്കാട് നഗരസഭയില്‍ സത്യപ്രതിജ്ഞ ദിവസവും സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. കൗണ്‍സില്‍ ഹാളിന് പുറത്തിറങ്ങിയ സിപിഎം കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി മുദ്രാവാക്യം വിളിച്ചതോടെ ബിജെപി പ്രവര്‍ത്തകരും ജയ് ശ്രീറാം വിളികളുമായി സംഘടിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലും തരംഗമായിരുന്നു.
Discussion about this post