കുന്നുകര: വളര്‍ത്തു നായയെ കാറിന് പിന്നില്‍ കെട്ടിയിട്ട് റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ ഉടമയ്ക്ക് വീണ്ടും എട്ടിന്റെ പണി. സോഷ്യല്‍മീഡിയയിലും നായയോടുള്ള ക്രൂരത നിറഞ്ഞതിന് പിന്നാലെ സംഭവത്തില്‍ കടുത്ത നടപടിയാണ് കൈകൊള്ളുന്നത്. കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹനവകുപ്പ് കണ്ടെടുത്ത കാര്‍ ശനിയാഴ്ച ചെങ്ങമനാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇപ്പോള്‍ വാഹനത്തിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കാനുള്ള നടപടിയാണ് കൈകൊള്ളുന്നത്. ഇതുസംബന്ധിച്ച് ആര്‍ടിഒയ്ക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതായും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായും എസ്പി അറിയിച്ചു. സംഭവം അറിഞ്ഞയുടന്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം കാര്‍ ഉടമയും ഡ്രൈവറുമായ കുന്നുകര ചാലക്ക സ്വദേശി യൂസഫിനെ അറസ്റ്റ് ചെയ്തിരുന്നു.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം സെക്ഷന്‍ 11 എബി പ്രകാരവും, ഐപിസി 428 പ്രകാരവും മൂന്നു മാസം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ചാലാക്ക കവലയിലാണ് യൂസഫ് ടാക്സി കാര്‍ ഓടിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് യൂസഫിന്റെ വീട്ടില്‍ അപ്രതീക്ഷിതമായാണ് നായ വന്നു കയറിയത്. കരുണ തോന്നി നായക്ക് പതിവായി ഭക്ഷണം നല്‍കിയതോടെ നായ യൂസഫിന്റെ വീട്ടില്‍ നിന്ന് മാറാതെയായി. ശേഷമാണ് കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് കൊടുംക്രൂരത നടത്തിയത്.
Discussion about this post