മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
കൊണ്ടോട്ടി നഗരസഭയിലെ 28-ാം വാര്‍ഡായ ചിറയിലില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന താജുദ്ധീന്‍ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി ഉയര്‍ന്നത്. താജുദീന്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ എല്‍ഡിഎഫ് പുറത്തുവിട്ടിരുന്നു. വീട്ടിലെത്തി ആ വീട്ടില്‍ എത്ര വോട്ടര്‍മാരുണ്ടെന്ന് കണക്കെടുത്താണ് ഇയാള്‍ പണം നല്‍കാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ കൊണ്ടോട്ടി പോലീസും തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാര്‍ഡിലെ ഏതൊക്കെ വീടുകളില്‍ ഇയാള്‍ പോയി എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.നിലവില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന താജുദ്ധീന്‍ നേരത്തെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ്. ജില്ലയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് കൊണ്ടോട്ടിയില്‍ വോട്ടിന് പണം നല്‍കിയെന്ന ആരോപണം ഉയര്‍ന്നത്.
Discussion about this post