ചാലക്കുടി നഗരത്തെ ഭീതിയിലാക്കി ശക്തമായ ഇടിമിന്നല്‍..! റോഡുകളില്‍ വിള്ളലും വീടുകള്‍ക്ക് സമീപം കുഴികളും രൂപപ്പെട്ടു

തൃശൂര്‍: ചാലക്കുടി നഗരത്തെ ഭീതിയിലാക്കി ശക്തമായ ഇടിമിന്നല്‍. ശക്തമായ മഴയ്ക്കും കാറ്റിനും പിന്നാലെയാണ് മിന്നല്‍ അതേസമയം മിന്നലില്‍ പ്രദേശത്ത് പരക്കെ നാശമുണ്ടായി. റോഡുകളില്‍ വിള്ളലും വീടുകള്‍ക്ക് സമീപം കുഴികള്‍ രൂപപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് ചാലക്കുടിയില്‍ അതിശക്തമായ മിന്നല്‍ ഉണ്ടായത്.

പടിഞ്ഞാറെ ചാലക്കുടി മൂഞ്ഞേലി റേഷന്‍ കട സ്റ്റോറിന് സമീപം ടാര്‍ റോഡിലാണ് വിള്ളലുണ്ടായത്. ഏതാനും വീടുകള്‍ക്ക് സമീപം പറമ്പില്‍ കുഴികളുണ്ടായി. രണ്ട് വൈദ്യുതി പോസ്റ്റുകള്‍ക്കരികിലും കുഴികള്‍ രൂപപ്പെട്ടു. ചില വീടുകളുടെ ജനല്‍ ചില്ലുകള്‍ പൊട്ടുകയും ഷോക്കേസ് മാറ്റര്‍ ബോര്‍ഡ് തുടങ്ങിയവ തകരുകയും ചെയ്തു. കൂടാതെ ചിലയിടങ്ങളിലെ വൈദ്യുതോപകരണങ്ങളും വയറിങ്ങും കത്തിപ്പോയിട്ടുണ്ട്.

അതേസമയം കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരക്കടലില്‍ ഉയര്‍ന്ന തിരമാലയുണ്ടാകാനും സാധ്യതയുണ്ടെന്നും സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യമന്‍ മേഖലയില്‍ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍ പടിഞ്ഞാറ് മധ്യ അറബിക്കടലിലും തെക്കന്‍ ഒമാന്‍, യമന്‍ തീരമേഖലയിലും ഏദന്‍ ഉള്‍ക്കടലിലും മീന്‍പിടിക്കാന്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Exit mobile version