കൊല്ലം: കൊല്ലത്ത് മൺറോത്തുരുത്തിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു. മൺറോത്തുരുത്ത് സ്വദേശി മണിലാൽ (50) ആണ് കൊല്ലപ്പെട്ടത്. ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ പനക്കത്തറ സത്യൻ, പട്ടം തുരുത്ത് സ്വദേശി തുപ്പാശ്ശേരി അശോകൻ എന്നിവർ പിടിയിലായി.
മൺറോതുരുത്തിൽ ഹോംസ്റ്റേ നടത്തി വരികയായിരുന്നു മണിലാൽ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. പ്രതികൾ മണിലാലുമായി വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നതായി സൂചനയുണ്ട്.
പോലീസ് അറസ്റ്റ് ചെയ്ത അശോകൻ ഡൽഹി പോലീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്. പ്രതികൾക്ക് മണിലാലുമായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ല എന്ന് പോലീസ് പ്രതികരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, മൂന്ന് മാസത്തിനിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സിപിഎം പ്രവർത്തകനാണ് മണിലാൽ. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയും ശക്തമായി പ്രതിഷേധിച്ചും സിപിഎം നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post