മലപ്പുറം: മലപ്പുറത്ത് മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ ഉന്നത പോലീസ് സംഘം പരിശോധന നടത്തി. വോട്ടെടുപ്പ് ദിവസം പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത പോലീസ് സംഘം ബൂത്തുകളില്‍ പരിശോധന നടത്തിയത്.
കേരള-തമിഴ്നാട് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള വഴിക്കടവ് പോലീസ് സ്റ്റേഷന് പരിധിയിലെ വിവിധ ബൂത്തുകളിലായിരുന്നു പരിശോധന. തൃശ്ശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്, ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം എന്നിവരടങ്ങുന്ന സംഘമാണ് ബൂത്തുകള്‍ സന്ദര്‍ശിച്ചത്.
വീഴ്ചയില്ലാത്തവിധം സുരക്ഷയൊരുക്കുന്നതിനാണ് സന്ദര്‍ശനമെന്ന് ഡിഐജി എസ് സുരേന്ദ്രന് വ്യക്തമാക്കി. ജില്ലയിലെ മറ്റു പ്രശ്നബാധിത ബൂത്തുകളിലും സന്ദര്‍ശനം നടത്തുമെന്നും ഡിഐജി അറിയിച്ചു.
നാല് വര്‍ഷം മുമ്പ് ജില്ലാ അതിര്‍ത്തിയിലെ പടുക്ക വനത്തില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിന് പുറമെ പാലക്കാട് മഞ്ചക്കണ്ടിയിലും വയനാട് ജില്ലയിലെ ചില പ്രദേശങ്ങളിലും വെടിവെപ്പ് ഉണ്ടാവുകയും മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായി വോട്ടെടുപ്പ് ദിവസം പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
Discussion about this post