ലൈവ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ഫിറോസ് കുന്നംപറമ്പലിന്റെ ടിഷർട്ടിന്റെ വില 35000 രൂപയെന്ന് സോഷ്യൽമീഡിയ; വിമർശിച്ചവരെ അധിക്ഷേപിച്ച് നന്മമരം ഫാൻസ്; നാണമില്ലാത്ത വർഗ്ഗങ്ങളെന്ന് ഫിറോസും

കൊച്ചി: ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട ഓൺലൈൻ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന് എതിരെ പുതിയ ആരോപണവും വിവാദവും. വീഡിയോയിൽ ആരാധകരുമായി സംവദിക്കവെ ഫിറോസ് ധരിച്ച ടിഷർട്ട് ലക്ഷ്വറി ബ്രാൻഡായ ഫെൻഡിയുടെത് ആയിരുന്നു. 500 ഡോളർ അഥവാ 35000 ഇന്ത്യൻ രൂപയോളം വിലവരുന്ന ടി ഷർട്ടാണ് ഫിറോസ് ധരിച്ചിരിക്കുന്നതെന്ന് സോഷ്യൽമീഡിയ ഒറ്റനോട്ടത്തിൽ കണ്ടെത്തുകയും ചെയ്തു. ഇക്കാര്യം ചിലർ വീഡിയോയുടെ താഴെ കമന്റ് ചെയ്യുകയും ചെയ്തു. ഒരു ജോലിയുമില്ലാതെ ഓൺലൈൻ ചാരിറ്റി തൊഴിലാക്കിയ ഫിറോസിന് എങ്ങനെയാണ് ഇത്രയേറെ പണം വസ്ത്രത്തിനായി ചിലവഴിക്കാൻ എന്നാണ് ചിലരുടെ സംശയം.

ഇതിനിടെ, തനിക്കെതിരെ സംഘടിതമായി മനപൂർവ്വം ആക്രമണം നടത്തുകയാണെന്നും പുതിയ കഥയുമായി ചിലർ ഇറങ്ങിയിരിക്കുകയാണെന്നും ആരോപിച്ച് ഫിറോസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒരു ടിഷർട്ടിന് 35000 രൂപയോ എന്ന് അതിശയം പ്രകടിപ്പിച്ചാണ് ഫിറോസിന്റെ പുതിയ വീഡിയോ. ആരോപണമുന്നയിച്ചവരെ നാണമില്ലാത്ത വർഗങ്ങളെന്നാണ് ഫിറോസ് വിശേഷിപ്പിച്ചിരിക്കുന്നത്.

നേരത്തെ, ഫിറോസിന്റെ ലൈവ് പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം ധരിച്ചിരിക്കുന്ന ടി ഷർട്ടിന് 500 യുഎസ് ഡോളർ എങ്കിലും വില വരുമെന്ന് ചൂണ്ടിക്കാണിച്ച് കഥാകൃത്ത് റഫീഖ് തറയിലും രംഗത്തെത്തിയിരുന്നു. എന്നാൽ റഫീഖിനെ അധിക്ഷേപിക്കാനും ഫിറോസിനെ ന്യായീകരിക്കാനുമായി ചിലർ തൊട്ടുപിന്നാലെ തന്നെ രംഗത്തെത്തുകയും ചെയ്തു.

‘ഇക്കായുടെ ഡ്രസിങ് ശ്രദ്ധിക്കാറുണ്ട്. നന്നായിട്ട് ഫാഷൻ അറിയുന്ന വ്യക്തി എന്നനിലയ്ക്ക് എനിക്ക് ഇക്കാനെ ഇഷ്ടമാണ്. ഇക്ക ധരിച്ചിരിക്കുന്നത് ഫെൻഡിയുടെ (Fendi) ടിഷർട്ടാണ്. ഏറ്റവും വിലകുറഞ്ഞതിന് 500 ഡോളറെങ്കിലും കൊടുക്കണം. അതായത് നമ്മുടെ 35000/രൂപ. ഇക്ക ഇനിയും നന്നായിട്ട് ഡ്രസ്സ് ചെയ്യണം. സന്തോഷം.’ റഫീഖ് ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ, ‘അയാൾ ധരിക്കുന്ന എല്ലാ ഡ്രെസ്സും അയാൾ കാശ് കൊടുത്തു വാങ്ങുന്നതാണെന്ന് അങ്ങ് കഥയെഴുതാതെ റഫീഖേ. ആരെങ്കിലും ഗിഫ്റ്റ് കൊടുത്ത ഷർട്ട് അയാൾ ധരിച്ചു എന്ന് റഫീഖിനു തോന്നാഞ്ഞതെന്തേ? അപ്പൊ കാര്യം അതല്ല’- ഒരു ആരാധകൻ വാദിക്കുന്നു.

കൂടാതെ, ആ മോഡൽ ടിഷർട്ടുകൾ 500 രൂപയ്ക്കും കിട്ടുമെന്ന് ചിലർ വാദിച്ചു. അജ്മാൻ ചൈനാ മാളിൽ പോയാൽ ഏത് ബ്രാൻഡ് പേരിലും ഡ്യൂപ്പ് ടീ ഷെർട്ട് കിട്ടും 20 ദിർഹത്തിന് എന്നും ചിലർ പറയുന്നു.

Exit mobile version