പോത്തന്‍കോട്: അടുത്തിടെയായിരുന്നു പഞ്ചരത്നങ്ങളുടെ വിവാഹം. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് പഞ്ചരത്നങ്ങളില്‍ മൂന്നുപേര്‍ വിവാഹിതരായി. ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. കുട്ടിക്കാലം മുതലേ അറിയാവുന്ന പഞ്ചരത്നങ്ങളെ അനുഗ്രഹിക്കാന്‍ ഉമ്മന്‍ചാണ്ടി വീട്ടിലെത്തി.
നന്നാട്ടുകാവ് വഴയ്ക്കാട് ‘പഞ്ചരത്നം ‘ വീട്ടിലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഉമ്മന്‍ചാണ്ടി പ്രധാന അതിഥിയായെത്തിയത്. കുട്ടികളുടെ വിവാഹ ഫോട്ടോ പതിച്ച ഫലകം സമ്മാനമായി നല്കി. അവരെ മനസ്സുനിറഞ്ഞ് അനുഗ്രഹിക്കുകയും ചെയ്തു. അടൂര്‍ പ്രകാശ് എംപി, പാലോട് രവി, എം.എ ലത്തീഫ് , ആനാട് ജയന്, തേക്കട അനില്‍കുമാര്‍, ഇളമ്പ ഉണ്ണിക്കൃഷ്ണന് തുടങ്ങിയവരും ഇന്നലെ പഞ്ചരത്നത്തിലെത്തി.
ഒരേ പ്രസവത്തില്‍ ജനിച്ച അഞ്ചു കുഞ്ഞുങ്ങളുടെ അമ്മയായ രമാദേവി ഭര്‍ത്താവ് പ്രേംകുമാറിന്റ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്ന് ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കുമ്പോഴാണ് അന്നു ഉമ്മന്‍ചാണ്ടി ആശ്വാസവുമായെത്തിയത്. തുടര്‍ന്ന് അമ്മ രമാദേവിക്ക് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ജില്ലാ സഹകരണബാങ്കില്‍ ജോലി നല്‍കിയിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം ഉമ്മന്‍ചാണ്ടി അതിഥിയായി എത്തിയതോടെ ഇരട്ടിയിലധികം സന്തോഷത്തിലായിരുന്നു പഞ്ചരത്നം വീട്. കുറച്ചുസമയം വീട്ടില്‍ ചിലവഴിച്ച ഉമ്മന്‍ചാണ്ടി കുട്ടികളുടെ സുഖവിവരങ്ങളെല്ലാം അന്വേഷിച്ചാണ് മടങ്ങിയത്. ഫാഷന്‍ ഡിസൈനറായ ഉത്രയെ മസ്കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് മിന്നുകെട്ടിയത്.
മാധ്യമരംഗത്തുള്ള ഉത്തരയെ മാധ്യമപ്രവര്ത്തകന് തന്നെയായ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. അനസ്തീഷ്യ ടെക്നീഷ്യന് ഉത്തമയെ മസ്കറ്റില്‍ അക്കൗണ്ടന്റായ ജി. വിനീതും താലികെട്ടി. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്നീഷ്യന് ഉത്രജയുടെ വരന#് പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തില്‍ അനസ്തീഷ്യ ടെക്നീഷ്യന് തന്നെയാണ്.
Discussion about this post