തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക്, പി.വി.സി തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നതാണ് പ്രധാന നിര്‍ദേശം. പരിസ്ഥിതി സൗഹൃദവും മണ്ണില്‍ അലിഞ്ഞു ചേരുന്നതും പുന:ചംക്രമണം ചെയ്യാന്‍ കഴിയുന്നതുമായ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ.
പരസ്യം എഴുതുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുന്ന വ്യക്തിയുടെ പേരും സ്ഥാനപ്പേരും പരസ്യത്തിനൊപ്പം ചേര്‍ക്കണം. വ്യക്തികളെ അധിക്ഷേപിക്കുന്നതും, മതവികാരം വൃണപ്പെടുത്തുന്നതുമായ പരസ്യങ്ങള്‍ പാടില്ല. കൊലപാതക ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ പരസ്യങ്ങളിലൊ ചുവരെഴുത്തുകളിലോ ഉള്‍പ്പെടുത്തരുത്. യാത്രക്കാര്‍ക്ക് മാര്‍ഗതടസം ഉണ്ടാക്കും വിധം നടപ്പാതകളിലോ റോഡിന്റെ വളവുകളിലോ പരസ്യങ്ങള്‍ സ്ഥാപിക്കരുത്. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ബന്ധപ്പെട്ട പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നു.
കേരള ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലും കൊവിഡ്-19 വ്യാപന പഞ്ചാത്തലത്തിലുമാണ് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുളളത്.
Discussion about this post