പാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസിക്കോളനിയില്‍ വ്യാജമദ്യ ദുരന്തമെന്ന് സംശയം. ബന്ധുക്കളായ അഞ്ചുപേര്‍ മരിച്ചു. മരിച്ചു. രാമന്‍(52), അയ്യപ്പന്‍(55), അയ്യപ്പന്റെ മകന്‍ അരുണ്‍ (22), ശിവന്‍ (45), ശിവന്റെ സഹോദരന്‍ മൂര്‍ത്തി (33) എന്നിവരാണ് മരിച്ചത്. അവശനിലയില്‍ കാണപ്പെട്ട മൂന്ന് സ്ത്രീകളടക്കം ഒന്‍പതുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാജമദ്യമോ സാനിറ്റൈസര്‍ പോലുള്ള ലഹരിദ്രാവകമോ കഴിച്ചതാണ് മരണകാരണമെന്നാണ് നിഗമനം.
മരിച്ചവരെല്ലാം തൊഴിലാളികളാണ്. രാമന്‍ ഞായറാഴ്ച രാവിലെയും അയ്യപ്പന്‍ ഉച്ചയോടെയുമാണ് മരിച്ചത്. ശിവനെ തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടുമുറ്റത്തെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം, ആശുപത്രിയില്‍നിന്ന് ആരുംകാണാതെ ഇറങ്ങിപ്പോയ മൂര്‍ത്തിയെ ഉച്ചയോടെ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തെ കച്ചവടസ്ഥാപനത്തിനുമുന്നില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
നാഗരാജന്‍ (26), തങ്കമണി (47), രുക്മിണി (52), കമലം (42), ചെല്ലപ്പന്‍ (75), ശക്തിവേല്‍, കുമാരന്‍ (35), മുരുകന്‍ (30) എന്നിവരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഞായറാഴ്ച രാവിലെയാണ് സംഭവം. പുലര്‍ച്ചെ ആറിന് മരിച്ച രാമന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ ശിവന്റെ വീട്ടില്‍നിന്ന് മദ്യം കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവരാണ് പിന്നീട് ദുരന്തത്തിനിരയായത്. രാമനും ഇവിടെനിന്ന് മദ്യം കഴിച്ചിരുന്നതായി സൂചനയുണ്ട്.