‘വീട്ടില്‍ മദ്യപിച്ചെത്തി നിരന്തരം പ്രശ്‌നമുണ്ടാക്കുന്നവന്‍, ചീട്ട് കളിച്ച് പണം നഷ്ടപ്പെട്ടാല്‍ മാനസിക വിഭ്രാന്തിയിലാകുന്ന പ്രകൃതം’ സഹോദരന്റെ ബിജെപി പ്രവേശനത്തില്‍ പുഷ്പന്റെ പ്രതികരണം

തിരുവനന്തപുരം: സഹോദരന്റെ ബിജെപി പ്രവേശനത്തില്‍ വിശദീകരണവുമായി കൂത്തുപറമ്പില്‍ പോലീസ് വെടിവെയ്പില്‍ പരിക്കേറ്റ് കിടപ്പിലായ പുഷ്പന്‍. വര്‍ഷങ്ങളായി കുടുംബവുമായി ഒരു ബന്ധവുമില്ലാത്തയാളാണ് ബിജെപിയില്‍ ചേര്‍ന്ന തന്റെ സഹോദരന്‍ ശശിയെന്ന് പുഷ്പന്‍ പറയുന്നു. വീട്ടില്‍ മദ്യപിച്ചെത്തി നിരന്തരം പ്രശ്‌നമുണ്ടാക്കുന്നവനാണെന്നും, ചീട്ട് കളിച്ച് പണം നഷ്ടപ്പെട്ടാല്‍ മാനസിക വിഭ്രാന്തിയിലാകുന്ന പ്രകൃതമാണെന്നും പുഷ്പന്‍ പറയുന്നു,

പുഷ്പന്റെ വാക്കുകള്‍;

കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയും എല്ലാവരുമായും അകന്ന് കഴിയുകയും ചെയ്തിരുന്നയാളാണ് ശശി. വര്‍ഷങ്ങളായി വീടുമായോ കുടുംബവുമായോ ശശിയേട്ടന് ഒരു ബന്ധവുമില്ല. രാജേട്ടന്റെ രണ്ടു മക്കളുടെ കല്യാണത്തിന് വിളിച്ചിട്ടും പങ്കെടുത്തില്ല. വീട്ടില്‍ മദ്യപിച്ചെത്തി നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നു. ശശിയുടെ മകന്‍ ഷിബിയുടെയും സഹോദരങ്ങളായ രാജന്‍, പ്രകാശന്‍ എന്നിവരുടെയും പേരില്‍ ചൊക്ലി പോലീസില്‍ വ്യാജ പരാതിയടക്കം ശശി നല്‍കിയിട്ടുണ്ട്.

അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ സ്വത്ത് ഭാഗിക്കണമെന്ന് ശശി ആവശ്യപ്പെട്ടിരുന്നു. പ്രത്യേക സ്ഥലം വേണമെന്നും വാശിപിടിച്ചു. സ്ഥലം വിറ്റ് കിട്ടുന്ന പണം നശിപ്പിക്കുമെന്ന് ഭയമുണ്ടായിരുന്നു. ചീട്ടുകളി കാരണം രണ്ട് സ്ഥലം നേരത്തെ വിറ്റതാണ്. ചീട്ട് കളിച്ച് പണം നഷ്ടപ്പെട്ടാല്‍ മാനസിക വിഭ്രാന്തിയിലാകുന്നതാണ് പ്രകൃതം. ഭാര്യയും മക്കളുമായി ശശി അകന്ന് കഴിയുകയായിരുന്നുവെന്നും സിപിഎം പ്രവര്‍ത്തകര്‍ മധ്യസ്ഥം പറഞ്ഞാണ് ഭാര്യവീട്ടില്‍ താമസിപ്പിച്ചത്.

ശശിയ്ക്ക് വൃക്കയ്ക്ക് തകരാറും പാന്‍ക്രിയാസിന് വീക്കവും കാഴ്ചക്കുറവുമുണ്ട്. രണ്ടു തവണ ഹൃദയാഘാതമുണ്ടായതാണ്. മുട്ടിനുതാഴെ തൊട്ടാല്‍ അറിയില്ല. ജ്യേഷ്ഠന് എന്തെങ്കിലും സംഭവിച്ചാല്‍ ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ മാത്രമായിരിക്കും ഉത്തരവാദി.

Exit mobile version