ചേര്‍പ്പ്: പ്രശസ്ത ഗായകന് എംജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് യൂട്യൂബര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. യൂട്യൂബ് വഴി അപവാദ പ്രചരണം നടത്തി അപമാനിച്ചുവെന്ന് ആരോപിച്ചാണ് ശ്രീകുമാര്‍ പോലീസില്‍ പരാതി നല്‍കിയത്. പാറളം പഞ്ചായത്തിലെ യൂട്യൂബര്‍മാര്‍മാരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.
ഒരു സ്വകാര്യ ചാനലില്‍ നടന്ന സംഗീതപരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്ന ആരോപണമാണ് ഇവര്‍ യൂട്യൂബ് ചാനല്‍ മുഖേന പ്രചരിപ്പിച്ചത്. കോഴിക്കോടുള്ള കുട്ടിയുടെ വീട്ടില്‍ ഇവര്‍ പോയെങ്കിലും രക്ഷിതാക്കള്‍ പരാതി ഇല്ലെന്ന് അറിയിച്ചു.
ഇതേത്തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ ഇവര്‍ ഇട്ടിരുന്നു. എങ്കിലും അഞ്ച് ലക്ഷത്തോളം ആളുകള്‍ വീഡിയോ കണ്ടിരുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇവര്‍ ചെയ്തതെന്ന് എംജി പരാതിയില്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് നടപടി.
Discussion about this post