മണര്‍കാട്: റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ താന്നിക്കല്‍ സന്തോഷ്കുമാറിന്റെ ( 51) മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി, കേരള മുഖ്യമന്ത്രിമാര്‍, ഡിജിപി, എന്നിവര്‍ക്ക് പരാതി നല്കി.
ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ കഴിഞ്ഞ മാസമാണ് കര്‍ണാടകയിലെ മന്‍കി പോലീസ് സ്റ്റേഷന് പരിധിയില്‍ സന്തോഷ്കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷ്കുമാര്‍ 21നാണ് നാട്ടിലേക്ക് തിരിച്ചത്. ഭാര്യയും മക്കളും നേരത്തെ നാട്ടിലേക്കു പോന്നതിനാല്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തത്.
22നു രാവിലെ വരെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ആയിരുന്നു. 23നാണ് മരണ വിവരം നാട്ടില്‍ അറിയുന്നത്. ട്രെയിനിലെ ശുചിമുറിയില്‍ നിന്നു പുറത്തേക്ക് ഇറങ്ങുമ്പോള്‍ വാതില്‍ ഭാഗത്തു നിന്നു കാല് തെറ്റി വീണതാകാം എന്നാണ് കര്‍ണാടക പോലീസ് അറിയിച്ചിരുന്നത്.
മൃതദേഹം ബന്ധുക്കള്‍ ഏറ്റു വാങ്ങി നാട്ടില്‍ എത്തിച്ചു സംസ്കാരം നടത്തി. ട്രെയിനില്‍ നിന്നു വീണാല്‍ ഉണ്ടാകുന്ന മുറിവ് സന്തോഷ് കുമാറിന്റെ ശരീരത്തില്‍ ഇല്ലാത്തതാണ് ദുരൂഹതയ്ക്ക് കാരണമെന്നു ബന്ധുക്കള്‍ പറയുന്നു.വയറിലുള്ള മുറിവ് സംശയം ഉണ്ടാക്കുന്നു.
ട്രെയിന്‍ ഏറ്റവും വേഗതയില്‍ കടന്നു പോകുന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. സന്തോഷ്കുമാറിന്റെ മൊബൈല്‍ ഫോണും ലഗേജും ഉള്‍പ്പെടെ കിട്ടാത്തതും ദുരുഹത ഉളവാക്കുന്നതായി പറയുന്നു. രക്തം വാര്‍ന്നാണ് മരണ കാരണം എന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
Discussion about this post