മലയാറ്റൂരിലെ പാറമടയിലെ സ്‌ഫോടനം; കെട്ടിടത്തില്‍ വെടിമരുന്ന് സൂക്ഷിച്ചത് അനധികൃതമായെന്ന് പോലീസ്, ഉടമകള്‍ക്കെതിരെ കേസ് എടുക്കും

കൊച്ചി: എറണാകുളം മലയാറ്റൂരിലെ ഇല്ലിത്തോട് പാറമടയില്‍ സ്‌ഫോടനമുണ്ടായത് അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തിലെന്ന് പോലീസ്. കെട്ടിടത്തില്‍ വെടിമരുന്ന് ശേഖരിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.
ഉടമകളെ വിളിപ്പിച്ച് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്.

അതേസമയം സ്‌ഫോടനം ഉണ്ടായ പാറമടയ്ക്ക് ലൈസന്‍സുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണെന്നാണ് എറണാകുളം റൂറല്‍ എസ് പികെ കാര്‍ത്തിക് അറിയിച്ചത്.

എറണാകുളം മലയാറ്റൂരിലെ ഇല്ലിത്തോടുള്ള വിജയ എന്ന പാറമടയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പാറമടയോട് ചേര്‍ന്നുതന്നെ തൊഴിലാളികള്‍ക്ക് താമസിക്കാനും വിശ്രമിക്കുന്നതിനുമായി നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. വെടിമരുന്ന് സൂക്ഷിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു സ്ഫോടനത്തെ തുടര്‍ന്ന് കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.

Exit mobile version