തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം അരങ്ങേറുന്ന പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സുരക്ഷ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി സമരത്തിനിറങ്ങിപ്പുറപ്പെട്ടവരെ പറഞ്ഞ് മനസിലാക്കണമെന്നും 7 മാസത്തെ പ്രവര്‍ത്തനത്തിന്റെ ഫലം അപകടത്തില്‍ ആക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്.
കേരളത്തില്‍ വൈറസിന് വ്യാപന ശേഷി കൂടുതലാണെന്നാണ് ഗവേഷണ ഫലത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ദിനംപ്രതി രോഗികളുടെ എണ്ണം കൂടുകയാണെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും ആരോഗ്യമന്ത്രി താക്കീത് നല്‍കി.
സംസ്ഥാനത്തെ പ്രതിഷേധ സമരങ്ങള്‍ വലിയ പ്രതിസന്ധിയാണ് രോഗ പ്രതിരോധത്തില്‍ ഉണ്ടാക്കുന്നത്. നിരവധി പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതിയാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിക്കുകയാണ് പ്രതിഷേധക്കാര്‍ ചെയ്യുന്നതെന്നും ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമാണ് ഇതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.