കൊച്ചി: ആലുവ കടുങ്ങല്ലൂരില്‍ കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ലി. മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലായിരുന്നു സംഘര്‍ഷം. എ,ഐ ഗ്രൂപ്പ് പോരാണ് തമ്മില്‍തല്ലിലെത്തിയത്. ഭാരവാഹി സ്ഥാനങ്ങള്‍ വീതവെച്ചതിലെ എതിര്‍പ്പാണ് കയ്യാങ്കളിയിലെത്തിയത്.
ഇന്നലെ വൈകീട്ടാണ് സംഘര്‍ഷമുണ്ടായത്. ചടങ്ങിലേക്ക് ഐ ഗ്രൂപ്പുകാര്‍ പ്രകടനവുമായി എത്തുകയായിരിന്നു. പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്തു. ബ്ളോക്ക്, മണ്ഡലം പുനസംഘടനയില്‍ ഐ വിഭാഗത്തെ തഴയുകയും അനര്‍ഹരായ എ വിഭാഗക്കാരെ ഭാരവാഹികള്‍ ആക്കിയെന്നും ആരോപിച്ചാണ് അടി തുടങ്ങിയത്.
എ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ളതാണ് മണ്ഡലം കമ്മിറ്റി. ഇത്തവണ പഞ്ചായത്തില്‍ രണ്ട് മണ്ഡലം കമ്മിറ്റികളാക്കി തിരിച്ചിട്ടും ഐ ഗ്രൂപ്പിന് ഭാരവാഹിത്വം കിട്ടിയിരുന്നില്ല. ഇതില്‍ പ്രതിഷേധവുമായി ഐ ഗ്രൂപ്പ് എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. കാലങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഗ്രൂപ്പ് തര്‍ക്കം നിലനില്‍ക്കുന്ന മേഖലയാണ് കടുങ്ങല്ലൂര്‍.
കളമശ്ശേരി ബ്ലോക്ക്, കടുങ്ങല്ലൂര്‍ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം ഭാരവാഹികളുമായി പാര്‍ട്ടി വിരുദ്ധരെയും ക്രിമിനല്‍ കേസ് പ്രതികളെയും ഉള്‍പ്പെടുത്തിയെന്നും ഐ വിഭാഗം ആരോപിച്ചു.
Discussion about this post