‘ഹക്കീമിന്റെ ഭാര്യ നാല് മാസം ഗര്‍ഭിണി, അന്ത്യചുംബന കാഴ്ച താങ്ങാനായില്ല’; രണ്ട് കുടുംബങ്ങള്‍ക്ക് നഷ്ടമായത് ആശ്രയമായിരുന്ന രണ്ട് യുവാക്കളെ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ മരിച്ച രണ്ടുപേരും രണ്ട് കുടുംബങ്ങളുടെ അത്താണികള്‍. ഹക്കിം മുഹമ്മദിന്റെ ഭാര്യ നാല് മാസം ഗര്‍ഭിണിയാണെന്നും അന്ത്യചുംബന കാഴ്ച താങ്ങാനായില്ലെന്നും ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ പറഞ്ഞു.

ഹക്കിം മുഹമ്മദും, മിഥിലാജും പലവിധ തൊഴിലുകള്‍ ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. ഇരുവരും നന്നായി അധ്വാനിക്കുമായിരുന്നു. മിഥിലാജിനു നേരത്തെ കുപ്പിവെള്ളം വിവിധ കടകളിലെത്തിക്കുന്ന തൊഴിലായിരുന്നു. എന്നാല്‍ കോവിഡ് സീസണായപ്പോള്‍ പച്ചക്കറി കച്ചവടത്തിലേക്ക് മാറി.

അഞ്ചും ഏഴും വയസായ രണ്ട് മക്കളും ഭാര്യയും വാപ്പയും ഉമ്മയും അടങ്ങുന്നതാണ് മിഥിലാജിന്റെ കുടുംബം. കുടുംബത്തിത്തിന്റെ ഏക ആശ്രയമാണ് കഴിഞ്ഞ ദിവസം ഇല്ലാതായത്. ഹക്കിം മുഹമ്മദ് നേരത്തെ വെമ്പായത്ത് കട നടത്തിയിരുന്നു.

ഇപ്പോള്‍ മത്സ്യം കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ്. ഒന്നര വയസുള്ള കുട്ടിയുണ്ട്. മാത്രമല്ല ഭാര്യ നാലു മാസം ഗര്‍ഭിണിയുമാണ്. അപ്രതീക്ഷിതമായുണ്ടായ സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും ബന്ധുക്കളും നാട്ടുകാരും ഇനിയും മുക്തരായിട്ടില്ല.

Exit mobile version