കോട്ടയം: ബിരുദ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ ബികോം വിദ്യാർത്ഥിനി കാഞ്ഞിരപ്പള്ളി പൊടിമറ്റം അഞ്ജു പി ഷാജിയുടെ ഉത്തരക്കടലാസ് പരിശോധനയിൽ നിർണായക കണ്ടെത്തൽ. കോളേജ് അധികൃതർ പിടിച്ചെടുത്ത ഹാൾ ടിക്കറ്റിൽ എഴുതിയിരുന്ന വിവരങ്ങൾ ഒന്നും ഉത്തരക്കടലാസിൽ കണ്ടെത്താനായില്ലെന്ന് സർവകലാശാലാ അധികൃതരുടെ പരിശോധനാ റിപ്പോർട്ട്.
ചേർപ്പുങ്കൽ ബിവിഎം കോളേജിൽ പരീക്ഷയെഴുതാനെത്തിയ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിനിയായ അഞ്ജുവിനെ ജൂൺ ആറിനാണ് കാണാതാകുന്നത്. പിറ്റേന്ന് നടത്തിയ പരിശോധനയിലാണ് മീനച്ചിലാറ്റിൽനിന്ന് മൃതദേഹം കണ്ടെത്തുന്നത്. പരീക്ഷയെഴുതുന്നതിനിടെ കോപ്പിയടിച്ചെന്നാരോപിച്ച് ചേർപ്പുങ്കൽ ബിവിഎം കോളേജ് അധികൃതർ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ ആരോപണം.
അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസാണ് വിദ്യാർത്ഥിനി കോപ്പിയടിച്ചെന്ന് ആരോപിക്കപ്പെട്ട ഉത്തരക്കടലാസ് സർവകലാശാലാ അധികൃതരോടെ പരിശോധിക്കാൻ ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ട് പോലീസിന് കൈമാറിയിട്ടുണ്ട്. പരീക്ഷാ ചുമതലയുണ്ടായിരുന്ന അധ്യാപകൻ പിടിച്ചെടുത്ത ഹാൾ ടിക്കറ്റിലെ കൈയക്ഷരം വിദ്യാർത്ഥിനിയുടേതാണോയെന്ന് കണ്ടെത്താൻ പോലീസ് ശാസ്ത്രീയ അന്വേഷണ സംഘത്തിന്റെ സഹായം തേടിയിരിക്കുകയാണ്.
അഞ്ജു പി ഷാജിയുടെ ഹാൾ ടിക്കറ്റ്, നോട്ട് ബുക്കുകൾ, പരീക്ഷാ ഹാളിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌ക്, ബാഗ്, മൊബൈൽ ഫോൺ എന്നിവ കോട്ടയം ആർഡിഒ മുഖേനെ തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ, ഒന്നരമാസം കഴിഞ്ഞിട്ടും ഇതിന്റെ പരിശോധനാ ഫലങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. കൊവിഡ് സാഹചര്യത്തിൽ ലാബിലെ ജീവനക്കാരുടെ കുറവാണ് പരിശോധനാഫലം വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. കൈയക്ഷരം സംബന്ധിച്ച ഫൊറൻസിക് പരിശോധനാഫലം ലഭിച്ചശേഷമേ കേസിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയൂവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ് കുമാർ പറഞ്ഞു.