തിരുവനന്തപുരം: നിയമസഭയിൽ താൻ മുഖ്യമന്ത്രിയായിരിക്കെ അഞ്ചര മണിക്കൂർ പ്രസംഗം നടത്തിയിട്ടുണ്ടെന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വാദത്തെ തള്ളി ഉമ്മൻ ചാണ്ടി. താൻ സഭയിൽ അഞ്ചര മണിക്കൂർ സംസാരിച്ചു എന്ന് പറഞ്ഞത് തെറ്റാണ്. 2005ൽ താൻ സംസാരിച്ചത് ഒന്നേ മുക്കാൽ മണിക്കൂർ മാത്രമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഇക്കാര്യത്തിൽ തന്റെ പ്രതിഷേധമറിയിച്ച് സ്പീക്കർക്ക് അദ്ദേഹം കത്ത് നൽകി. 2005 ലെ അവിശ്വാസപ്രമേയ ചർച്ചയ്ക്കു മറുപടി പറയാൻ താൻ അഞ്ചരമണിക്കൂർ എടുത്തു എന്നാണ് സ്പീക്കർ പറഞ്ഞത്. എന്നാൽ, താൻ എടുത്ത സമയം 1 മണിക്കൂർ 43 മിനിറ്റ് മാത്രമാണ്. അതിൽ തന്നെ പകുതിയിലേറെ സമയം പ്രതിപക്ഷത്തു നിന്നുമുള്ള അംഗങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി പറയാനായിരുന്നു. ഇത് സംബന്ധിച്ച എല്ലാ രേഖകളും സ്പീക്കറുടെ ഓഫീസിൽ ഉണ്ടായിട്ടും സത്യത്തിന് വിരുദ്ധമായി സ്പീക്കർ സഭയിൽ പ്രസ്താവന നടത്തിയത് നിർഭാഗ്യകരമാണ്.
2005ലെ അവിശ്വാസ പ്രമേയ ചർച്ച 3 ദിവസമായിരുന്നു. 9 മണിക്കൂർ ചർച്ചയ്ക്ക് തീരുമാനിച്ചിരുന്നു എങ്കിലും ചർച്ച 25 മണിക്കൂർ നീണ്ടു. സർക്കാരിന് മറുപടി പറയാൻ അർഹതപ്പെട്ട സമയം 4.15 മണിക്കൂർ ഉണ്ടായിരുന്നു. 10 മന്ത്രിമാർക്ക് എതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ടിവന്നു. എന്നിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും എടുത്തത് സമയം 5.15 മണിക്കൂർ മാത്രം. അനുവദിച്ചതിലും ഒരു മണിക്കൂർ അധികം സമയം മാത്രമായിരുന്നു ഇത്. കഴിഞ്ഞ തിങ്കാളാഴ്ച ചേർന്ന നിയമസഭാ സമ്മേളനത്തിൽ ചർച്ചയ്ക്ക് 5 മണിക്കൂറാണ് നിശ്ചയിച്ചത്. എന്നാൽ അവിശ്വാസപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുവാൻ മാത്രം മുഖ്യമന്ത്രി 3.45 മണിക്കൂർ എടുത്തെന്നും ഇതിനെ ന്യായീകരിക്കുകയാണ് സ്പീക്കറെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.
Discussion about this post