ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിലെ കീമോതെറാപ്പി യൂണിറ്റ് താത്കാലികമായി അടച്ചു. ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മെഡിക്കല്‍ കോളജിലെ കീമോതെറാപ്പി യൂണിറ്റ് താത്കാലികമായി അടക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുള്‍പ്പെടെ 15 പേര് കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അതേസമയം ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേര് കൂടി മരിച്ചു. കൃഷ്ണപുരം സ്വദേശി 60 വയസുള്ള മോഹനന്, പുന്നപ്ര തെക്ക് സ്വദേശി 65 വയസുള്ള അഷ്റഫ് എന്നിവരാണ് മരിച്ചത്.
നെഞ്ച് വേദനയും ശ്വാസമുട്ടലുമായി ശനിയാഴ്ച കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോഹനന് മരണശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിന് വണ്ടാനം മെഡിക്കല്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് അഷ്റഫിന് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ 20 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Discussion about this post