കൊച്ചി: എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന ആള് മരിച്ചു. കൊച്ചി പച്ചാളത്ത് താമസിക്കുന്ന മാലിയില്‍ ഗോപിനാഥന് ആണ് മരിച്ചത്. 63 വയസായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം. ഇയാള്‍ക്ക് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്ന് നാല് പേരാണ് കൊവിഡ് മൂലം മരിച്ചത്. കാസര്‍കോട്, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് പൈവളിഗ സ്വദേശി അബ്ബാസ് ആണ് കൊവിഡ് ബാധിച്ച് മരിച്ച ഒരാള്‍. കഴിഞ്ഞ ദിവസമാണ് ഇയാള്‍ മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പനിയേയും ശ്വാസ തടസത്തേയും തുടര്‍ന്നാണ് ഇയാളെ മംഗള്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന കട്ടപ്പന സുവര്‍ണഗിരി സ്വദേശി ബാബു ആണ് മരിച്ച മറ്റൊരാള്‍. 58 വയസായിരുന്നു. പ്രമേഹത്തെ തുടര്‍ന്ന് കാല് മുറിച്ചു മാറ്റാനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട ഊന്നുകല്‍ സ്വദേശി ലിസി (63) ആണ് മരിച്ച മറ്റൊരാള്‍. കൊവിഡ് ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
Discussion about this post