തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് വ്യാപനം. മൂന്നുദിവസത്തിനിടെ 36 അതിഥി തൊഴിലാളികള്‍ക്കാണ് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു
സമ്പര്‍ക്കവ്യാപന കേസുകള്‍ വര്‍ദ്ധിക്കുന്ന തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാമാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം പകരുന്നതിന് ദക്ഷിണമേഖല പൊലീസ് ഐജി ഹര്‍ഷിത അത്തല്ലൂരിക്കു പ്രത്യേക ചുമതല നല്കി. മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കാന്‍ ഐജി നേതൃത്വം നല്‍കും.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍, കോഴിക്കോട് സിറ്റി, പാലക്കാട്, വയനാട്, തൃശൂര്‍ സിറ്റി, എറണാകുളം റൂറല്‍ എന്നിവടങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോകോള്‍ തൃപ്തികരമായി നടപ്പിലാക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള എല്ലാ ജില്ലകളിലെയും പ്രവര്‍ത്തനം വിലയിരുത്താനും പുതിയ നിയന്ത്രണ രീതികള്‍ക്ക് രൂപം നല്കാനുമായി ഐജിമാര്‍, ഡിഐജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്.
1184 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. 784 പേര് രോഗമുക്തി നേടി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
Discussion about this post