കോഴിക്കോട്: കരിപ്പൂരിൽ വിമാനത്താവളത്തിലെ അപകടം നടന്ന റൺവേയ്ക്ക് നിലവിൽ ഒരു തകരാറുമില്ലെന്ന് എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസ റാവു. അപകടം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണറിപ്പോർട്ട് തയ്യാറാകുമ്പോൾ എല്ലാ വിവരവും പുറത്തുവരും. അപകടം നടന്നയുടൻ എയർപോർട്ട് ചെയ്യേണ്ടതെല്ലാം ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കരിപ്പൂരിൽ റൺവേ വികസനത്തെച്ചൊല്ലി നാട്ടുകാരും അധികൃതരും രാഷ്ട്രീയ നേതൃത്വങ്ങളും തമ്മിലുള്ള തർക്കം വീണ്ടും ഉയരുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിൽ മന്ത്രി കെടി ജലീൽ വീഴ്ച വരുത്തിയെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ ആരോപിച്ചു. എന്നാൽ, റൺവേയുടെ നീളം കൂട്ടാനുളള ഭൂമി എയർപോർട്ട് അതോറിറ്റിയുടെ കൈവശമിരിക്കെ വീണ്ടും ഭൂമി ഏറ്റെടുക്കാനുളള നീക്കം തട്ടിപ്പെന്നാണ് പ്രദേശവാസികളംഗങ്ങളായ ആക്ഷൻ കമ്മിറ്റിയുടെ വിമർശനം.
നിലവിൽ 2860 മീറ്ററുളള കരിപ്പൂരിലെ റൺവേയുടെ നീളം ആയിരം മീറ്റർ കൂടി കൂട്ടുന്നതു സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിട്ട് വർഷങ്ങളായി. റൺവേ വികസനത്തിന് 256 ഏക്കർ ഭൂമി കൂടി കണ്ടെത്തേണ്ടി വരുമെന്നായിരുന്നു കണക്ക്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും എല്ലാം ഇതിനായി പരിശ്രമിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കൽ പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു.