കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദിപ് സിങ് പുരി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അറിയിച്ചു. സാരമായ പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം, നിസാര പരുക്കുള്ളവര്‍ക്ക് 50000 രൂപ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
നാടിനെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടത്തില്‍ പൈലറ്റും കോപൈലറ്റും ഉള്‍പ്പെടെ 18 പേരുടെ ജീവനാണ് പൊലിഞ്ഞത്. 149 പേര് പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കോഴിക്കോട്ടെയും മലപ്പുറത്തെയും വിവിധ ആശുപത്രികളിലാണ് ഇവരുള്ളത്. ഇതില്‍ 22 പേരുടെ നില ഗുരുതരമാണ്. 22 പേരെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. 184 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
അപകടമുണ്ടായി മൂന്നു മണിക്കൂറിനുള്ളില്‍ യാത്രക്കാരെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതാണ് മരണനിരക്ക് കുറച്ചത്. വെള്ളിയാഴ്ച വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്ന് വന്ന എ.ഐ.1334 ബോയിങ് വിമാനമാണ് കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍ പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം 35 അടി താഴ്ചയിലേക്ക് വീണ് പിളരുകയായിരുന്നു. വൈകീട്ട് 7 മണി കഴിഞ്ഞായിരുന്നു ദുരന്തം.
Discussion about this post