വയനാട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ തലശ്ശേരി സ്വദേശിനി ലൈല(62) ആണ് മരിച്ചത്. ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വയനാട് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനെ മരണം സംഭവിച്ചു. മരണം ശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ബെംഗളൂരുവില്‍ വച്ച് നടത്തിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് സ്വദേശി നബീസ(75)യാണ് വൈറസ് ബാധമൂലം മരിച്ച ഒരാള്‍. ഇവര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം ബൈക്ക് അപകടത്തില്‍ പെട്ട് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച പത്തൊമ്പതുവയസ്സുകാരന്‍ അമല്‍ ജോനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പാലക്കാട് ആണ് മറ്റൊരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40) ആണ് മരിച്ചത്. അഞ്ജലി ഇന്ന് പുലര്‍ച്ചെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അഞ്ജലിയെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഈ മാസം ആദ്യമാണ് അഞ്ജലി തിരുപ്പൂരില്‍ നിന്ന് മകനോടൊപ്പം ബൈക്കില്‍ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇവര്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ മകന്റെ പരിശോധനാ ഫലം വന്നിട്ടില്ല.
Discussion about this post