കൊച്ചി: കാക്കനാട് കരുണാലയ കോൺവെന്റിലെ 30 കന്യാസ്ത്രീകൾക്ക് കൂടി കൊവിഡ്19 രോഗം സ്ഥിരീകരിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലാത്തതിനാൽ കന്യാസ്ത്രീകൾക്ക് കോൺവെന്റിൽ തന്നെ ചികിത്സ ഉറപ്പാക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. കോൺവെന്റ് കെട്ടിടത്തിന്റെ ഒരു നില ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം. കുറച്ചുദിവസം മുൻപ് കൊവിഡ് ബാധിച്ചു മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്ക പട്ടികയിൽ ഉള്ളവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, എറണാകുളം ജില്ലയിൽ ഒന്നടങ്കം അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെയാണ് 30 കന്യാസ്ത്രീകൾക്ക് കൂടി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കമുണ്ടായതിനാലാണ് മറ്റുള്ളവർക്കും രോഗം പകർന്നത്. ഇതോടെ കരുണാലയത്തിൽ ഇതുവരെ 33 കന്യാസ്ത്രീകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റിനുള്ള സൗകര്യം കോൺവെന്റിൽ തന്നെ സജ്ജമാക്കിയ സാഹചര്യത്തിൽ ഡോക്ടർമാരുടെയും ആംബുലൻസിന്റെയും സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആരോഗ്യനില വഷളാവുകയാണെങ്കിൽ ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും.
മഠത്തിൽ താമസിക്കുന്ന കന്യാസ്ത്രീകൾ മറ്റ് മഠങ്ങളിലേക്കും അനുബന്ധ കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ വൃദ്ധസദനങ്ങൾക്ക്ും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പ്രായമായവർക്ക് രോഗബാധയുണ്ടായൽ കാര്യങ്ങൾ ഗുരുതരമാകും എന്നതിനാലാണിത്.
Discussion about this post