കൊച്ചി: അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് പണമില്ലാത്തതിനെ തുടര്‍ന്ന് എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിലായ തന്നെ ദൈവദൂതരെ പോലെ സഹായിക്കാന്‍ എത്തിയവര്‍ തന്നെ പിന്നീട് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയെന്ന് കണ്ണൂര്‍ സ്വദേശി വര്‍ഷ വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ വര്‍ഷയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസെടുത്തു.
സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ടുവെന്ന വര്‍ഷയുടെ പരാതിയില്‍ സന്നദ്ധ പ്രവര്‍ത്തകരായ ഫിറോസ് കുന്നംപറമ്പിലിനൊപ്പം സാജന് കേച്ചേരി, ഇവരുടെ സഹായികള്‍ ആയ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
യുവതിയെ ഭീഷണിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണത്തിനു വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ സഹായ അഭ്യര്‍ത്ഥന നടത്തിയ വര്‍ഷയുടെ പരാതിയില്‍ ചേരാനല്ലൂര്‍ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ജൂണ്‍ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫേസ്ബുക്കില്‍ ലൈവില്‍ എത്തുന്നത്. വര്‍ഷയ്ക്ക് സഹായവുമായി സാജന് കേച്ചേരി പിന്നീട് എത്തുകയായിരുന്നു. അമ്മയ്ക്ക് വേണ്ടി കേരളത്തിന് മുന്നില്‍ കൈനീട്ടിയ വര്‍ഷയെ മലയാളികള്‍ ചേര്‍ത്തുപിടിച്ചു.
മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് തുക വര്‍ഷയുടെ അക്കൗണ്ടിലെത്തി. വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് വര്‍ഷയോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതിന് പെണ്‍കുട്ടി സമ്മതിക്കാതെയായതോടെ നിരന്തരം ഭീഷണി മുഴക്കി.
തുടര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് വര്‍ഷ വീണ്ടും ഫേസ്ബുക്ക് വീഡിയോയിലൂടെ മലയാളികള്‍ക്ക് മുന്നിലേക്ക് എത്തി. തന്നെ സഹായിക്കാന്‍ എത്തിയവര്‍തന്നെ പണത്തിന് വേണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന് വര്‍ഷ പറഞ്ഞു.
Discussion about this post