തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് സമൂഹവ്യാപന ആശങ്ക വര്‍ധിപ്പിക്കുന്നു. ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 157 പേരില്‍ 130 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ ഏഴു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ലാത്തതും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.
ഈ അവസരത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കോവിഡ് ചികിത്സാകേന്ദ്രമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവിടെ 750 പേര്‍ക്ക് ചികിത്സാസൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ തീരപ്രദേശത്താകെയും മറ്റ് നിരവധി സ്ഥലങ്ങളിലും രോഗവ്യാപനം രൂക്ഷമായിരിക്കുകയാണ്.
സമ്പര്‍ക്കം മൂലം ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറയിലും പരിസരപ്രദേശങ്ങളിലുമാണ്. 7 പേരുടെ ഉറവിടം അറിയില്ല. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. തലസ്ഥാനത്തെ സ്ഥിതി ഗൗരവതരമാണ്. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ അവര്‍ക്ക് മികച്ച ചികിത്സ നല്കാന് പൂന്തുറ സെന്റ് തോമസ് സ്കൂളില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്.
Discussion about this post