കൊച്ചി : എറണാകുളം ജില്ലയിലെ ജനറല്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ സമ്പര്‍ക്കവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രോഗത്തിന്റെ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം ഉയരുകയാണ്.
എറണാകുളം ജനറല്‍ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. കോട്ടയം സ്വദേശിയാണ് ഇദ്ദേഹം. അതേസമയം,ഇദ്ദേഹത്തിന് ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ല.
ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കും. ആശുപത്രി ജീവനക്കാര്‍ അടക്കം ഡോക്ടറുമായി സമ്പര്‍ക്കത്തിലുള്ളവര്‍ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
നേരത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന ചെല്ലാനം സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും അടക്കം 72 ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കുകയും ചെയ്തിരുന്നു.
Discussion about this post